
ജയ്പൂർ : പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ കാഡ്ബറി മോണ്ടെൽസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെ പരാതി. അജ്മേർ സ്വദേശിയായ അമിത് ഗാന്ധി എന്ന അഭിഭാഷകനാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
കമ്പനിയുടെ പരസ്യം ഇന്ത്യൻ സംസ്‌കാരത്തിനും, പാരമ്പര്യത്തിനും വിരുദ്ധമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കാഡ്ബറി ഉത്പന്നമായ ഫൈവ് സ്റ്റാറിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ചിലപ്പോൾ ഒന്നും ചെയ്യാതെയുമിരിക്കൂ എന്ന സന്ദേശം നൽകുന്നതാണ് ഫൈ സ്റ്റാറിന്റെ പരസ്യം. ആറ് വയസ്സുള്ള മകനോട് പിതാവിന് മരുന്ന് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, പരസ്യം ഉദ്ധരിച്ച് ചിലപ്പോൾ ഒന്നും ചെയ്യാതെയും ആളുകൾ രക്ഷപ്പെടുമെന്ന് മകൻ മറുപടി പറഞ്ഞതായി അമിത് പരാതിയിൽ ആരോപിക്കുന്നു. പരസ്യത്തിന്റെ സ്വാധീനം അപ്പോൾ മാത്രമാണ് തനിക്ക് വ്യക്തമായതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരസ്യങ്ങൾ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും, അതിനാൽ പരസ്യം നിരോധിക്കണമെന്നും അമിത് ഗാന്ധി ആവശ്യപ്പെടുന്നു.
അമിതിന്റെ പരാതിയിൽ കോടതി കമ്പനിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിയിൽ മാർച്ച് നാലിനകം വിശദീകരണം നൽകണമെന്ന് കോടതി വ്യക്തമാക്കി.
Post Your Comments