Latest NewsIndia

മുംബൈ കമ്മീഷണറെയും ഡിജിപിയെയും മാറ്റി മുഖം രക്ഷിക്കാന്‍ ഉദ്ദവ് താക്കറെ, ആഭ്യന്തര മന്ത്രിയെ മാറ്റാനും സമ്മർദ്ദം

ശിവസേനക്കാരനായ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് ബിജെപി ആരോപണം. ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി തന്നെ ആവശ്യപ്പെടുകയാണ്.

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസും കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയതോടെ ഭരണത്തിലുള്ള ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും മുഖം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗിനെ മാറ്റി മുഖം രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

പരം ബീര്‍ സിംഗിനെ മാറ്റി പകരം ഹേമന്ത് നഗ്രാലെയെ മുംബൈ പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയെക്കൂടി മാറ്റാന്‍ സര്‍ക്കാരില്‍ സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് ശരത് പവാര്‍ ഉദ്ദവ് താക്കറെയെ ഉപദേശിച്ചിരുന്നു. ആന്‍റില ബോംബ് കേസ് ആഭ്യന്തരമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന അഭിപ്രായമായിരുന്നു ശരത് പവാറിന്. അതേസമയം ഡിജിപിയുടെ അധികച്ചുമതല രജ്നീഷ് സേത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി മഹാരാഷ്ട സര്‍ക്കാരിലെ കക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉന്നതതലയോഗത്തിന് ശേഷമാണ് ഈ തീരുമാനം. മുംബൈ പൊലീസില്‍ ജോലി ചെയ്യുന്ന ആറ് പൊലീസുകാരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതിനിടെ അറസ്റ്റിലായ സച്ചിന്‍ വാസെയുടെ ഓഫീസില്‍ നിന്നും കണ്ടെടുത്ത ലാപ് ടോപില്‍ ഒരു ഡേറ്റയുമില്ലെന്ന് എന്‍ ഐഎ കണ്ടെത്തി. തെളിവ് നശിപ്പിക്കാനായിരിക്കണം ലാപ് ടോപ്പിലെ മുഴുവന്‍ ഡേറ്റയും നീക്കം ചെയ്തതെന്ന് കരുതുന്നു.

ഇതുപോലെ മുംബൈ പൊലീസിലെ ഒരു സംഘം സച്ചിന്‍ വാസെ താമസിക്കുന്ന അപ്പാര്‍ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങളും മായ്ച്ചു കളഞ്ഞിരുന്നു. ഇവിടുത്തെ വീഡിയോ റെക്കോര്‍ഡറും പൊലീസ് എടുത്തുമാറ്റിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച റിയാസ് കാസിയെ എന്‍ ഐഎ ചോദ്യം ചെയ്യുന്നുണ്ട്. എന്‍ഐഎ സച്ചിന്‍ വാസെയുടെ മൊബൈല്‍ കണ്ടെത്താനും ശ്രമം നടത്തിയിരുന്നു. മൊബൈല്‍ എവിടെ എന്ന ചോദ്യത്തിന് അത് എവിടെയോ കളഞ്ഞുപോയി എന്ന മറുപടിയാണ് സച്ചിന്‍ വാസെ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ എന്‍ഐഎ സച്ചിന്‍ വാസെയുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയാണ്.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതോടെ കേസിന് രാഷ്ട്രീയനിറം കൈവന്നിരിക്കുകയാണ്. ശിവസേനക്കാരനായ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് ബിജെപി ആരോപണം. ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി തന്നെ ആവശ്യപ്പെടുകയാണ്.

കേസ് കൈകാര്യം ചെയ്ത രീതിയെ മഹാവികാസ് അഘാദിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും വിമർശിക്കുകയും മുഖ്യമന്ത്രിയെയും ശിവസേനയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ്. സച്ചിന്‍ വാസെയെ മുഖ്യമന്ത്രിയും ശിവസേനയും കൂടി രക്ഷിയ്ക്കുകയാണെന്ന ബിജെപി ആരോപണം ശക്തമായപ്പോഴാണ് അദ്ദേഹത്തെ സസ്പെന്‍റ് ചെയ്യാന്‍ ഉദ്ദവ് താക്കറെ തയ്യാറായത്.

ആന്‍റില ബോംബ് കേസ് മുംബൈ പൊലീസും ആന്‍റി ടെററിസം സ്ക്വാഡും (എടിഎസ്) അന്വേഷിച്ചു വരികയായിരുന്നു. എന്നാല്‍ ബോംബ് നിറച്ച വാഹനത്തിന്‍റെ ഉടമ മന്‍സുഖ് ഹിരൻ കൊല്ലപ്പെടുകയും പിന്നീട് സച്ചിന്‍ വാസെയാണ് തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തിന് കാരണമെന്ന ആരോപണം മന്‍സുഖ് ഹിരന്‍റെ ഭാര്യ ഉയര്‍ത്തിയതോടെയാണ് സച്ചിന്‍ വാസെ കേസില്‍ എത്തുന്നത്. ആരോപണത്തിന് ശക്തികൂട്ടുന്ന ചില തെളിവുകള്‍ ബിജെപി നേതാവ് ഫഡ്നാവിസ് നിരത്തുകയും ചെയ്തു.

read also: ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി, വഖഫ് ബോര്‍ഡ് വിശദീകരണം ഇങ്ങനെ

പ്രധാനമായും സച്ചിന്‍ വാസെയും മന്‍സുഖ് ഹിരനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഫഡ്നാവിസ് പുറത്ത് വിട്ടത്. ഇതോടെ കേസന്വേഷണം സംസ്ഥാന പൊലീസിന്‍റെ കൈകളില്‍ നിന്നും നഷ്ടപ്പെടുകയും അത് എന്‍ഐഎയുടെ കൈകളില്‍ വന്നുചേരുകയും ചെയ്തു. തൊട്ടടുത്ത ദിവസം മന്‍സുഖ് ഹിരന്‍റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് കണ്ടെത്തുകയും സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button