തിരുവനന്തപുരം: നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഏറെ ആകാംഷയോടെ കാത്തിരുന്ന കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ മത്സരാർത്ഥി. കരുനാഗപ്പളിയിൽ ബിറ്റി സുധീർ, മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ താമര അടയാളത്തിൽ വോട്ട് തേടും. കൊല്ലത്ത് എം സുനിൽ എൻ ഡി എ സ്ഥാനാർത്ഥിയാകും.
കഴക്കൂട്ടത്തു ശോഭ സുരേന്ദ്രന്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാണെന്ന് ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ് ഇന്നലെ രാത്രി തന്നെ ലഭിച്ചതായി റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി മണ്ഡലത്തിൽ രാത്രി തന്നെ ചുവരെഴുത്തും മറ്റും ആരംഭിച്ച് അണികൾ ആവേശത്തോടെ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. നീണ്ട അനിശ്‌ചിതത്വത്തിനൊടുവിലാണ് കഴക്കൂട്ടത്തെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായത്.
ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ശക്‌തമായ എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ട്ടി ദേശീയ നേതൃത്വം ശോഭയെ സ്‌ഥാനാര്‍ഥിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശോഭയ്‌ക്കുവേണ്ടി നിലകൊണ്ടു. ശബരിമല വിഷയം ചര്‍ച്ചയാക്കി എല്‍.ഡി.എഫിലെ കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ ശോഭ സ്‌ഥാനാര്‍ഥിയാകുന്നതാണ് നല്ലതെന്നു ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരനടക്കം പ്രമുഖര്‍ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാകുമെന്നു പ്രചാരണമുണ്ടായിരുന്നു. ശോഭയെ മത്സരിപ്പിക്കണമെന്ന നിലപാട് ആര്‍.എസ്.എസ്. സ്വീകരിച്ചതും നിര്‍ണായകമായി. അമിത് ഷായും നിര്‍മ്മലാ സീതാരാമനും രാജ്‌നാഥ് സിങ്ങും അടക്കം കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ശോഭയ്‌ക്കായി പ്രചാരണത്തിനെത്തും. തിരുവനന്തപുരത്തു തെരഞ്ഞെടുപ്പു റാലിക്കെത്തുമ്പോള്‍ പ്രധാനമന്ത്രിയും ശോഭയ്‌ക്കു പ്രത്യേക പരിഗണന നല്‍കും.
Post Your Comments