ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ധനമന്ത്രി പറഞ്ഞു.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകൾ രാജ്യത്തുണ്ട്. എന്നാൽ കൂടുതൽ ശേഷിയുള്ള ബാങ്കുകൾ നമുക്കാവശ്യമാണ്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നിരവധി ബാങ്കുകൾ ഇനിയും വേണം. എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
രാജ്യത്ത് ഒരു പബ്‌ളിക് എന്റർപ്രൈസ് പോളിസി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ സാന്നിദ്ധ്യം തുടർന്നും ആവശ്യമായ നാല് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സാമ്പത്തിക മേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ തുടർന്നും ഉണ്ടാവും. സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കുകളെ സർക്കാർ പൂർണമായും കൈവിടുകയല്ല ചെയ്യുന്നത്. ബാങ്കുകളിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാവാനും സുസ്ഥിരമാകാനും വേണ്ടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിക്കുന്നത്. ബാങ്ക് ജീവനക്കാർക്ക് പതിറ്റാണ്ടുകൾ നീണ്ട സേവനത്തിലൂടെ അവർ നേടിയെടുത്ത കഴിവുകൾ തുടർന്നും ഉപയോഗിക്കാനുള്ള അവസരങ്ങൾ ഉണ്ടാവണമെന്നും സർക്കാരിന് നിർബന്ധമുണ്ടെന്നും ശമ്പളം, പെൻഷൻ എന്നിങ്ങനെ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments