ചെന്നൈ: നാല് പ്രധാന മുന്നണികളാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ-ബിജെപി സഖ്യം, എംകെ സ്റ്റാലിന്റെ ഡിഎംകെ- കോൺഗ്രസ് സഖ്യം, ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്ന എഎംഎംകെ സഖ്യം, കമല്‍ഹാസന്റെ എംഎന്‍എം നേതൃത്വം നല്‍കുന്ന സഖ്യം. എല്ലാ മുന്നണികളും തമ്മിൽ നല്ല മത്സരമാണ് നടക്കുന്നത്.
ഭരണം നിലനിര്‍ത്താന്‍ എഐഎഡിഎംകെ സഖ്യം വന്‍ വാഗ്ദാനങ്ങളുമായി കളത്തിലിറങ്ങി കഴിഞ്ഞു. വീട്ടമ്മമാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ഡിഎംകെയും പ്രചാരണം തുടങ്ങി. ഈ രണ്ട് സഖ്യത്തിലും സീറ്റ് വിഭജനത്തില്‍ ഇപ്പോഴും അതൃപ്തി നിലനില്‍ക്കുകയാണ്. ശശികല കയ്യൊഴിഞ്ഞ ദിനകരന്റെ എഎംഎംകെ സഖ്യത്തിലാണ് വിജയകാന്തിന്റെ ഡിഎംഡികെയുള്ളത്. കൂടാതെ എസ്ഡിപിഐയും അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ഈ സഖ്യത്തിലുണ്ട്. രണ്ടാഴ്ച മുമ്പ് വരെ വിജയകാന്ത് എഐഎഡിഎംകെക്കൊപ്പമുണ്ടായിരുന്നു.
സീറ്റ് വിഭജന ചര്‍ച്ചയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവർ സഖ്യം വിട്ടത്. പിന്നീട് കമല്‍ഹാസന്റെ പാര്‍ട്ടിയുമായും ദിനകരനുമായും വിജയകാന്ത് സംസാരിച്ചിരുന്നു. എന്നാൽ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ തനിച്ച് മല്‍സരിക്കാമെന്നും തീരുമാനിച്ചു. എന്നാല്‍ ഞായറാഴ്ച വിജയകാന്ത് തീരുമാനം മാറ്റി. ദിനകരനുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 60 സീറ്റില്‍ പാര്‍ട്ടി മല്‍സരിക്കും. 2006ല്‍ വിജയകാന്ത് ജയിച്ച വൃദ്ധാചലം മണ്ഡലത്തില്‍ ഉള്‍പ്പെടെ ഡിഎംഡികെ മല്‍സരിക്കും.
അതേസമയം എഎംഎംകെ സഖ്യത്തിലുള്ള എസ്ഡിപിഐ തമിഴ്‌നാട്ടില്‍ ആറ് സീറ്റിലും പുതുച്ചേരിയില്‍ നാല് സീറ്റിലും മല്‍സരിക്കും. അലന്ദൂര്‍, ആംബൂര്‍, തൃച്ചി വെസ്റ്റ്, തിരൂവാരൂര്‍, മധുരൈ സെന്‍ട്രല്‍, പാളയന്‍കോട്ടൈ എന്നീ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിക്കുക. നേരത്തെ കമല്‍ഹാസന്റെ പാര്‍ട്ടിയുമായി എസ്ഡിപിഐ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സഖ്യം വേണ്ടെന്ന് എസ്ഡിപിഐ നേതൃത്വം തീരുമാനിച്ചു.
read also: കേരളമുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്, പാക് ബന്ധമുള്ള അഞ്ചുപേര്‍ അറസ്റ്റില്‍
ഒവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ മൂന്ന് സീറ്റിലാണ് മല്‍സരിക്കുക. തമിഴ്‌നാട്ടില്‍ ആദ്യമായിട്ടാണ് ഒവൈസിയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്. ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെല്ലാം. കോണ്‍ഗ്രസിന് 25 സീറ്റ്, സിപിഐ, സിപിഎം പാര്‍ട്ടികള്‍ക്ക് ആറ് സീറ്റ് വീതവും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമാണ് സ്റ്റാലിന്‍ അനുവദിച്ചിട്ടുള്ളത്. എഐഎഡിഎംകെ സഖ്യത്തിലുള്ള ബിജെപി 20 സീറ്റിലാണ് മല്‍സരിക്കുന്നത്.
Post Your Comments