ധോല്‍പൂര്‍ : വീട്ടുകാരേയും നാട്ടുകാരേയും ആശങ്കയിലാക്കി വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറി 60കാരന്റെ ആത്മഹത്യാ ഭീഷണി. സോഭരന്‍ സിംഗ് എന്ന 60കാരനാണ് തനിക്ക് രണ്ടാമത് വിവാഹം കഴിയ്ക്കണമെന്ന് പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാല് വര്‍ഷം മുന്‍പാണ് മരിച്ചത്. ഇയാള്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.
എന്നാല്‍ ഭാര്യയുടെ മരണത്തോടെ കടുത്ത ഏകാന്തത അനുഭവപ്പെട്ടതോടെയാണ് തനിക്ക് ഇനിയും വിവാഹം കഴിക്കണമെന്ന് ഇദ്ദേഹം മക്കളോട് അവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും പ്രായമായയാള്‍ വീണ്ടും വിവാഹിതനാകുന്നത് ശരിയല്ലെന്ന അഭിപ്രായത്തിലായിരുന്നു മക്കളും ബന്ധുക്കളും. ഇതോടെയാണ് മക്കളുടെ സമ്മതം കിട്ടാനായി ധോല്‍പൂരിലെ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു.
പല തവണ മക്കളോട് വിവാഹ കാര്യത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ മക്കള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. പോസ്റ്റിന് മുകളിലേയ്ക്ക് കയറിയ മറ്റൊരാളുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ ഒടുവില്‍ താഴെയിറക്കിയത്. എന്നാല്‍ പോസ്റ്റില്‍ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിയ്ക്ക് ഒരു ജീവിത പങ്കാളിയെ വേണമെന്നുമാണ് സോഭരന്‍ സിംഗ് പറഞ്ഞത്.
Post Your Comments