
കൊച്ചി ; ഭരണകക്ഷി എം.എല്‍.എ ആയതുകൊണ്ടാണോ പി.വി.അന്‍വറിനെതിരെ നടപടിയെടുക്കാത്തത് ? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുളളില്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Read Also : കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്ന മുന്നറിയിപ്പുമായി കോടിയേരി
തന്റെ കൈവശം 207 ഏക്കര്‍ ഭൂമിയുണ്ടെന്നായിരുന്നു 2016 ല്‍ പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ഭൂപരിഷ്‌കരണ ചട്ടം അന്‍വര്‍ ലംഘിച്ചുവെന്ന് കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി ഷാജി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തി പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് അധികൃതര്‍ക്കും റവന്യൂ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017 ലായിരുന്നു ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം മൂന്ന് വര്‍ഷമായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.പിവി അന്‍വറിന് നോട്ടീസ് അയക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments