തിരുവനന്തപുരം: അവഗണനയിലും ഗ്രൂപ്പ് വൈര്യത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കുമെന്ന് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണെന്നും പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഉള്ളതെന്നും പരസ്യമായി വിളിച്ചുപറഞ്ഞാണ് പി സി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്.
സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാക്കോ, അടുത്ത കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നില്ല. ചാക്കോയെ സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
read also : കോൺഗ്രസിൽ സ്ഥാനാർഥി പട്ടിക പുറത്തു വന്നാൽ ബിജെപിയിലേക്ക് ചാടാൻ ഒരു ഡസനിൽ കൂടുതൽ നേതാക്കൾ
എന്‍ഡിഎ പാളയത്തിലെത്തിച്ച് നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് കണക്കുകൂട്ടല്‍.ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു കൂടിയാലോചനയും നടന്നിട്ടില്ല.
ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം തുറന്നടിച്ചു. ദേശീയ തലത്തിലും കോണ്‍ഗ്രസ് നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments