തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ടെലവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, എസ്എംഎസ്, സിനിമാ ശാലകൾ ഉൾപ്പെടെയുള്ള ദൃശ്യ, ശ്രവ്യ മാദ്ധ്യമസങ്കേതങ്ങൾ, വോയ്സ് മെസേജുകൾ, ഇ പേപ്പറുകൾ, തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇൻഫർമേഷൻസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയാ സെന്ററിലാണ് പരസ്യങ്ങൾക്കുള്ള മുൻകൂർ അനുമതി ലഭ്യമാക്കുന്ന എംസിഎംസിയുടെ മീഡിയാ സെൽ പ്രവർത്തിക്കുന്നത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സെൽ പ്രവർത്തിക്കും. എംസിഎംസിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകൾ മാത്രമെ മാധ്യമ സ്ഥാപനങ്ങൾ സ്വീകരിക്കാവൂ.
പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർത്ഥികളും പരസ്യങ്ങൾ സംപ്രേക്ഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും വിശദ വിവരങ്ങളുമായി നിശ്ചിത ഫോമിലുള്ള അപേക്ഷ എംസിഎംസി സെല്ലിൽ സമർപ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സിഡിയിലോ ഡിവിഡിയിലോ ആക്കി രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ഏഴു ദിവസം മുൻപായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. പരസ്യത്തിന്റെ നിർമ്മാണ ചെലവ്, ടെലകാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്നു വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
Post Your Comments