നിലമ്പൂര്‍: പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പിവി അന്‍വറിന്റെ വിശദീകരണം. പശ്ചിമാഫ്രിക്കയില്‍ എത്താനുള്ള കാരണമാണ് വീഡിയോയില്‍ പറയുന്നത്. തന്റെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എംഎല്‍എ പറയുന്നു.
രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല. നിയമസഭാ സാമാജികന് എന്ന നിലയ്ക്ക് ഒരു ലാഭവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
‘എംഎല്‍എമാര്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അവസരമുണ്ട്. ഇന്ന് വരെ ഒരു വിമാനത്തില്‍ സര്‍ക്കാരിന്റെ ചെലവില്‍ കയറിയിട്ടില്ല കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ ചികിത്സിക്കാനുള്ള ഒട്ടനവധി സൗകര്യങ്ങളുണ്ട്. എന്റെ കുടുംബത്തില്‍ നിന്നും ഒരു പാരാസെറ്റാമോള്‍ പോലും സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയിട്ടില്ല,’ പിവി അന്‍വര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് കുടുംബപരമായി ലഭിച്ച കച്ചവട സ്ഥാപനങ്ങളുള്‍പ്പെടെ അടച്ചു പൂട്ടേണ്ട അവസ്ഥ വന്നെന്ന് പിവി അന്‍വര്‍ പറയുന്നു. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചു പൂട്ടുന്ന അവസ്ഥ വന്നു. വരുമാനം പാടെ നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യത വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍. എനിക്കുള്ള ബാധ്യതകളുടെ എത്രയോ ഇരട്ടി സ്വത്ത് എനിക്കുണ്ട്.
Read Also: പൂട്ടിയിട്ട് വോട്ട് തേടി; ഇമ്രാന്‍ഖാനെ കടന്നാക്രമിച്ച് മറിയം നവാസ്
എന്റെ ഭൂമിയില്‍ നിന്ന് ഒരിഞ്ചു ഭൂമി വാങ്ങാന്‍ ഒരാളും ധൈര്യപ്പെടുന്നില്ല. അന്‍വറിന്റെ ഭൂമിയോ അപാര്‍ട്മെന്റോ വാങ്ങിയാല്‍ അതൊന്നും നിയമപരമല്ല, അതിനു മേല്‍ നാളെ കേസ് വരും, കുടുങ്ങുമെന്നുള്ള വാര്‍ത്തകള്‍ വരുന്നു. ബാധ്യത തീര്‍ക്കാനുള്ള സമ്പത്തും ഭൂമിയും കൈയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇനി എന്ത് ചെയ്യും എന്ന ആലോചനയിലാണ് നിയമസഭാ സാമാജികന് എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്നും പുറത്തേക്ക് വരേണ്ടി വന്നത്,’ പിവി അന്‍വര്‍ പറഞ്ഞു. എങ്ങനെ ആഫ്രിക്കയിലെത്തി, എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് സംബന്ധിച്ച് വരും ദിവസങ്ങളിലും വീഡിയോ പങ്കുവെക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
Post Your Comments