![](/wp-content/uploads/2021/03/bus.jpg)
ന്യൂഡൽഹി: ഓടുന്ന ബസിനുള്ളിൽ വച്ച് പൊലീസുകാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ന്യൂഡൽഹി പിസിആർ യൂണിറ്റ് കോൺസ്റ്റബിൾ ആയ ഇരുപത്തിയഞ്ചുകാരിയാണ് ബസ് യാത്രയ്ക്കിടെ അതിക്രമത്തിന് ഇരയായത്. ഇത് ചോദ്യം ചെയ്ത ഇവരെ പ്രതി മർദിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പൊലീസുകാരി തന്‍റെ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. ബസിൽ ഇവർക്കൊപ്പം തന്നെ കയറിയ ഒരാൾ കോണ്‍സ്റ്റബിളിന്‍റെ പുറകിൽ നിലയുറപ്പിക്കുകയും യാത്രാ മധ്യേ മോശമായി സ്പർശിക്കുകയുമായിരുന്നു. ഇതിനെ എതിർത്ത യുവതി ഇയാളെ ചോദ്യം ചെയ്തു. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് ഇവരെ അടിച്ചുവീഴ്ത്തി ഇയാൾ ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റ പൊലീസുകാരിയെ ഉടൻ തന്നെ ദീൻ ദയാൽ ഉപാദ്യയ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
Read Also : മൂന്നാം ദിനം റെക്കോർഡുകൾ വാരിക്കൂട്ടി അശ്വിൻ
അതേസമയം ബസിൽ അത്രയും പ്രശ്നങ്ങൾ നടന്നിട്ടും യുവതിയെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഡ്രൈവറും സഹായിയും പോലും സഹായിക്കാൻ ശ്രമിച്ചില്ല എന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും ദ്വാരക പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ മീന അറിയിച്ചു.
Post Your Comments