കൊച്ചി: പൊളിച്ചു പണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല. ഡി എംആര്‍സി ഉദ്യോഗസ്ഥര്‍ പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാന്‍ എത്തിയിരുന്നു.
ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി.സുധാകരന്‍ ആദ്യയാത്രക്കാരനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാലം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതിന് മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു. പാലം വേഗത്തില്‍ പൂര്‍ത്തിയാക്കാനായത് ഇ.ശ്രീധരന്‍, ഡി.എം.ആര്‍.സി ഊരാളുങ്കല്‍ എന്നിവരുടെ കൂട്ടായ്മയുടെ വിജയമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
2016 ഒക്ടോബര്‍ 12ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിളളല്‍ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പാലത്തിന്റെ അവസാന മിനുക്കുപണികള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിര്‍മ്മിക്കാന്‍ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കില്‍ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡി.എം.ആര്‍.സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം വീണ്ടും നിര്‍മിച്ചത്
Post Your Comments