തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസമില്ല. സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ്റുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. മത്സരത്തിന് സുരേഷ് ഗോപി ഉണ്ടാകുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമില്ലാത്തതാണ് ഇതിന് കാരണം. ഷൂട്ടിംഗിനായി സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലാണ്. ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചാണ് സിനിമയിലേക്ക് സുരേഷ് ഗോപി ചുവടു വച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ സുരേഷ് ഗോപി മത്സരത്തിന് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതൃത്വം അതിശക്തമായ ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമിത് ഷാ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ നിലപാട് വ്യക്തമാക്കും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സൂചന കോര്‍ കമ്മിറ്റിക്കു കൈമാറിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായേക്കും. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും മത്സരിക്കും. ശോഭാ സൂരേന്ദ്രന്‍ തിരുവനന്തപുരം ജില്ലയിലാകും മത്സരിക്കുക. വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയുടെയും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേരുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മനസ് അറിഞ്ഞ ശേഷമേ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനം ഉണ്ടാകൂ.
Post Your Comments