പാലക്കാട്∙ മന്ത്രി എ.കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്ത് ആക്കാൻ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. മന്ത്രിയുടെ വീടിന് സമീപവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പോസ്റ്ററുകൾ പതിച്ചത്.
ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുകയെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർ ഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുണ്ട്. അതേസമയം, പാലക്കാട് സിപിഎം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും.
ഉച്ചയ്ക്ക് ശേഷം ചേരുന്ന യോഗങ്ങളിൽ എ.കെ.ബാലന്റെ ഭാര്യ ജമീലക്ക് സീറ്റ് നൽകുന്നത് ചർച്ചയാകും. പി.കെ.ശശിക്ക് സീറ്റ് നിഷേധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയായേക്കും.തരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയെചൊല്ലിയും പാലക്കാട് സിപിഎമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. ഷൊർണൂരിൽ പി.കെ.ശശിക്ക് പകരം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി. മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുള്ളത്.
ഒറ്റപ്പാലത്ത് പി.ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡിവൈഎഫ്ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. സംസ്ഥാന കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥി പട്ടിക റിപ്പോർട്ട് ചെയ്യാൻ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചേക്കും.
Post Your Comments