കണ്ണൂര്‍: നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട പി. ജയരാജന് സി.പി.എം നേതൃത്വത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. കണ്ണൂര്‍ ലോബിയിലെ ഒറ്റയാനെ തളക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം മറനീക്കി പുറത്തുവരുകയാണ്. പാര്‍ട്ടിക്കും അപ്പുറത്തേക്ക് വളരാന്‍ ശ്രമിക്കുന്ന പി. ജയരാജന്റെ പോക്ക് വി.എസിന്റെ വഴിയേ ആണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ട് നാളേറെയായി. വി.എസ് എന്ന ഒറ്റയാന് നേതൃത്വത്തിന് ഉയര്‍ത്തിയ വെല്ലുവിളികള്‍ ചെറുതല്ല.
വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിനായി ജില്ല സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പി. ജയരാജന് നിയമസഭയിലേക്ക് സീറ്റ് പൊതുവില്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍, പാര്‍ട്ടി നേതൃത്വം കനിഞ്ഞില്ല. പാര്‍ലമെന്റിലേക്ക് മത്സരിച്ച് തോറ്റവര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ച മാനദണ്ഡമാണ് പി.ജയരാജന് തടസ്സമായി വിശദീകരിക്കപ്പെടുന്നത്.
എന്നാല്‍, പാലക്കാട് ലോക്സഭ മണ്ഡലത്തില്‍നിന്ന് തോറ്റ എം.ബി. രാജേഷും കോട്ടയം ലോക്സഭ മണ്ഡലത്തില്‍ തോറ്റ വി.എന്‍. വാസവനും പട്ടികയിലുണ്ട്. മാത്രമല്ല, ലോക്സഭയിലേക്ക് മത്സരിക്കാന്‍ മാറിനിന്ന കോട്ടയം ജില്ല സെക്രട്ടറി സ്ഥാനം വി.എന്‍. വാസവന് തിരിച്ചുകിട്ടുകയും ചെയ്തു. വാസവനും രാജേഷിനും കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതില്‍ തന്നെ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്ന് വ്യക്തമാണ്.
പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു ‘വി.എസ്’ ഉയരുന്നത് നേതൃത്വം സമ്മതിക്കില്ല. ആ നിലക്കുള്ള കരുതല്‍ നടപടികളാണ് ജയരാജന്റെ ചിറകരിയുന്നതിലേക്ക് നയിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ പ്രയോക്താവെന്ന് ആക്ഷേപം നേരിടുമ്പോഴും ലളിതജീവിതം നയിക്കുന്ന, അഴിമതി ആരോപണങ്ങള്‍ കേള്‍പ്പിക്കാത്ത, ആര്.എസ്.എസ് വെല്ലുവിളി നെഞ്ചുറപ്പോടെ നേരിടുന്ന നേതാവെന്ന പ്രതിച്ഛായയുള്ള പി. ജയരാജന് അണികള്‍ക്ക് പ്രിയങ്കരനാണ്.
സമൂഹമാധ്യമങ്ങളില്‍ പി.ജെ ഫാന്‍സ് പേജുകളുണ്ടാവുന്നതും കണ്ണൂരിന് താരകമെന്നും ചെഞ്ചോര പൊന്കതിരെന്നും പാടിപ്പുകഴ്ത്തുന്ന വിഡിയോ ആല്‍ബം വൈറലാകുന്നതിന്റെയും സാഹചര്യം അതാണ്. ഇതോടെയാണ് ‘പി.ജെ മറ്റൊരു വി.എസ്’ എന്ന ആശങ്ക നേതൃത്വത്തെ പിടികൂടിയത്.
Post Your Comments