പാലക്കാട് ∙ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് 32 സീറ്റുകൾ ആവശ്യപ്പെട്ടു. ചില ജില്ലകളിൽ സീറ്റുകൾ മാറ്റണമെന്നും ചില പുതിയ സീറ്റുകൾ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടെങ്കിലും മുന്നണിയിൽ ധാരണയായില്ല. എൻഡിഎയുടെ വിജയയാത്ര ഇന്നു സമാപിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണു നീക്കം.
തിരുവനന്തപുരത്തു ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ ചർച്ച നടത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തെക്കുറിച്ചു ധാരണയിലെത്തിയില്ല. ചോദിക്കുന്ന സീറ്റുകൾ മുഴുവൻ നൽകാൻ പരിമിതിയുണ്ടെന്നാണു ബിജെപി നേതൃത്വത്തിന്റെ നിലപാട്.
ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകളിൽ 60% തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ്. കഴിഞ്ഞ വർഷം തൃശൂരിലാണു കൂടുതൽ സീറ്റിൽ മത്സരിച്ചത്. മത്സരിക്കാനില്ലെന്നാണു തുഷാറിന്റെ ഇപ്പോഴത്തെ നിലപാടെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം.
Post Your Comments