KeralaLatest NewsNews

പിണറായി സര്‍ക്കാറിന് അഭിമാനമായി  400 കെ.വി പവര്‍ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി-ഉദുമല്‍പേട്ട് ലൈന്‍

ഇന്ത്യയില്‍ എവിടെ നിന്നും ഇനി കേരളത്തിലേയ്ക്ക് വൈദ്യുതി എത്തും

 

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് അഭിമാനമായി സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി പവര്‍ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി-തൃശൂര്‍-ഉദുമല്‍പേട്ട് ലൈന്‍ . ഇടമണ്‍ – കൊച്ചി വൈദ്യുതി പാത പൂര്‍ത്തീകരിച്ചതോടെയാണ് ഇടമണ്‍-കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമായത്. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണനഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ 2019 സെപ്തംബര്‍ 25 നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്. ഈ ലൈന്‍ പൂര്‍ത്തിയായതോടെ 400 കെ.വിയുടെ പ്രസരണശൃംഖല വഴി ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തില്‍ വൈദ്യുതി എത്തിക്കാം എന്നതാണ് പ്രധാനനേട്ടം.

Read Also : സ്ഥാനാര്‍ത്ഥിയാകുമെന്ന് വന്നതോടെ രാഷ്ട്രീയത്തില്‍ അഭിനയവുമായി നടനും എം.എല്‍.എയുമായ മുകേഷ്

2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ദ്ധന സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി മലബാര്‍ മേഖലയിലും 400 കെവി ലൈനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് തെക്ക്-വടക്ക് പവര്‍ ഹൈവെ നിലവില്‍ വരും.

148 കി.മീ നീളവും 447 ടവറുകളും ഉള്ള 400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 2005 ആഗസ്റ്റില്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലൈന്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. തിരുനെല്‍വേലി-ഇടമണ്‍, കൊച്ചി-മാടക്കത്തറ ലൈനുകളുടെ പണി 2011 ല്‍ പൂര്‍ത്തിയായെങ്കിലും ഇടമണ്‍-കൊച്ചി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതി തടസപ്പെട്ടു . 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ വിപ്ലവം തന്നെ തീര്‍ക്കുന്ന പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ഇച്ഛാശക്തിയോടെയുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വികസിതകേരളത്തിലേക്കുള്ള വലിയ ചുവടുവെയ്പുകളിലൊന്നാണ് ഇടമണ്‍-കൊച്ചി പവര്‍ ഹൈവെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button