തിരുവനന്തപുരം/കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പു സമയത്ത് കേന്ദ്ര ഏജൻസികളിൽനിന്ന് എതിരായ നീക്കങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഐഫോൺ കണ്ടെത്തിയത് അപ്രതീക്ഷിത നീക്കമായി.
സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പർ കണ്ടെത്തിയതിനാൽ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആൾ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് ‘കോൾ പാറ്റേൺ അനാലിസിസിലൂടെയും’ ‘ടവർ പാറ്റേൺ അനാലിസിസിലൂടെയും’ കണ്ടെത്താനാകും.
ഇതുവഴി ഒരാഴ്ചകൊണ്ട് മേൽപറഞ്ഞ രീതിയിൽ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പർ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കിൽ അതും കണ്ടെത്താനാകും. വിനോദിനിക്കെതിരെ കൃത്യമായ സൈബർ തെളിവുകൾ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നൽകിയിരിക്കുക.
അതിനാൽ ഫോൺ ഉപയോഗിച്ചില്ല എന്നു പറയാൻ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കിൽ പകരം ആര്, ആരൊക്കെ ഫോൺ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബർ തെളിവുമായി ഒത്തുപോകുന്നില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. ഫോൺ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കിൽ എന്തിനു ഫോൺ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടി വരും.ഐഎംഇഐ നമ്പർ ലഭിച്ചു കഴിഞ്ഞാൽ കോൾ പാറ്റേൺ അനാലിസിസിലൂടെയും ടവർ പാറ്റേൺ അനാലിസിസിലൂടെയുമാണ് സൈബർ വിദഗ്ധർ തെളിവുകൾ കണ്ടെത്തുന്നത്.
ഈ രണ്ട് രീതികളിലൂടെയും ആ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോൺ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്ഥലങ്ങൾ ടവർ പാറ്റേൺ അനാലിസിസിലൂടെ മനസ്സിലാകും. ഏത് സ്ഥലത്തായിരുന്നു കൂടുതൽ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാൽ സൈബർ തെളിവുകൾ നിരത്തി അന്വേഷണ ഉദ്യോഗസ്ഥർ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതൽ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാൻ നിർബന്ധിതനാകുകയും ചെയ്യും.
പട്ടികയിലുള്ളവരുടെ ഫോണിൽനിന്നും നേരിട്ടും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും സംശയമുള്ള വ്യക്തിയെ ചോദ്യം ചെയ്യുക. ഈ അന്വേഷണത്തിനൊന്നും ഫോൺ കണ്ടുപിടിക്കേണ്ട ആവശ്യവുമില്ല. അതേസമയം ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയെന്ന വിധത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കസ്റ്റംസ് കമ്മിഷണറുടെ സത്യവാങ്മൂലം വ്യാജ സൃഷ്ടിയാണെന്ന നിലപാടിലായിരുന്നു പാർട്ടി.
ഇതിനെതിരെ കസ്റ്റംസ് ഓഫിസുകളിലേയ്ക്ക് സിപിഎം മാർച്ച് നടത്താൻ തയാറെടുക്കുമ്പോൾ ഉയർന്ന ഐഫോൺ വിവാദം പാർട്ടി അണികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. വിജിലൻസിനു കണ്ടെത്താൻ കഴിയാതിരുന്ന ഫോണാണ് കസ്റ്റംസ് കണ്ടെത്തിയത്.
Post Your Comments