
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികളെ നിശ്ചയിക്കരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി. ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചാല്‍ യു.ഡി.എഫ് അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായകമായ തിരഞ്ഞെടുപ്പായതിനാല്‍ വിജയസാധ്യതയും കഴിവും പ്രാപ്തിയും ജനസമ്മതിയും നോക്കി വേണം സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസംതൃപ്തി സ്വാഭാവികമാണ്. നേതൃദാരിദ്ര്യമില്ലാത്ത പാര്‍ട്ടിയാണിത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരാന്‍ സാധിച്ചവരും ഇല്ലാത്തവരും പാര്‍ട്ടിയിലുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.പി ഗോപിനാഥില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. പാരമ്പര്യമുള്ള നേതാവായ ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പോകില്ല. പാര്‍ട്ടിവിട്ട് പോകാന്‍ ഗോപിനാഥിനെ ജനങ്ങള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഗോപിനാഥും തമ്മില്‍ തര്‍ക്കമില്ല. ഗോപിനാഥിന്‍റെ വിഷയം അതല്ല. ഇക്കാര്യം മാധ്യമങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹവുമായി താൻ നേരിട്ട് സംസാരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments