ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയിലോ ജയിലിലോ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. വ്യത്യസ്ത ഇടങ്ങളില്‍ നിന്നുപോയ 14 കര്‍ഷകരുടെ മൊബൈല്‍ ഫോണുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്. റിപ്പബ്ലിക് ദിനത്തില്‍ ലക്ഷത്തിലധികം കര്‍ഷകര്‍ ട്രാക്ടറുകളിലും നടന്നും ദില്ലിക്കുള്ളിലേക്ക് കയറി. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ദില്ലി പൊലീസിന്റെ കയ്യിലുള്ളത്. ഇതില്‍ നൂറിലധികം പേര് ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്.
കാണാതായ കര്‍ഷകരുടെ പേരുകള്‍ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല. വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദില്ലി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Post Your Comments