Latest NewsKerala

അഞ്ച് വര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് നാലിരട്ടി വോട്ട് വര്‍ദ്ധനവുണ്ടായ എപ്ലസ് മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങി കെ സുരേന്ദ്രൻ

പ്രമുഖ നേതാക്കളുടെ സീറ്റുകള്‍ ഇതിനകം തന്നെ നിശ്ചയിച്ചു കഴിഞ്ഞുവെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുമോ, മത്സരിച്ചാല്‍ എവിടെ, എന്നതിനൊന്നും ഇപ്പോഴും വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല.

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവേശഭരിതമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുക്കുകയാണ് ബി ജെ പി. കര്‍മ്മമണ്ഡലത്തില്‍ ഒരിയ്ക്കലും കറപുരളാത്ത ഇ ശ്രീധരനടക്കമുള്ള വ്യക്തികള്‍ അടുത്തിടെ പാര്‍ട്ടിയില്‍ ഭാഗമായതും ബി ജെ പിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. ഈ ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം സ്വന്തമാക്കിയതിലൂടെ ബി ജെ പി പൂര്‍ത്തീകരിച്ചിരുന്നു.

ഇപ്പോള്‍ ഭരണം പിടിക്കാനാവും എന്ന ആത്മവിശ്വാസമാണ് ബി ജെ പി ദേശീയ നേതാക്കളടക്കം പങ്കുവയ്ക്കുന്നത്. പ്രമുഖ നേതാക്കളുടെ സീറ്റുകള്‍ ഇതിനകം തന്നെ നിശ്ചയിച്ചു കഴിഞ്ഞുവെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുമോ, മത്സരിച്ചാല്‍ എവിടെ എന്നതിനൊന്നും ഇപ്പോഴും വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല. സുരേന്ദ്രനായി ബി ജെ പി കരുതിയിരിക്കുന്നത് തലസ്ഥാനത്ത് ബി ജെ പിക്ക് ഏറെ ജയപ്രതീക്ഷയുള്ള കഴക്കൂട്ടം മണ്ഡലമാണെന്നാണ് റിപ്പോർട്ട് . ഇവിടെ ബി ജെ പി കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് പരിഗണിക്കുന്നതെന്ന  റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ച മുരളീധരന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.  ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ മണ്ഡലം കൂടെ പോരുമെന്ന വിശ്വാസമാണ് ബി ജെ പി നേതാക്കള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിയായതിനാൽ മുരളീധരന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നില്‍ക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം കഴക്കൂട്ടത്ത് അഞ്ച് വര്‍ഷം കൊണ്ട് നാലിരട്ടി വോട്ട് വര്‍ദ്ധനയാണ് ബിജെപിക്ക് ലഭിച്ചത്.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10070 വോട്ടുകള്‍ നേടിയ ബി.ജെ.പി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് 41829 ആയി കുത്തനെ ഉയര്‍ത്തി. അന്ന് സംസ്ഥാനത്ത് ബി ജെ പി ഒന്നാമതെത്തിയ നാലു നിയമസഭാ മണ്ഡലങ്ങളിലൊന്ന് കഴക്കൂട്ടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42732 വോട്ട് നേടി. എന്നാല്‍ നവംബറില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഈ നേട്ടം അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 18 വാര്‍ഡുകളുള്‍പ്പെടുന്നതാണ് കഴക്കൂട്ടം മണ്ഡലം. ഇതില്‍ 11ഉം ഇടതുമുന്നണി നേടി. ബി ജെ പിക്ക് നാലും യു.ഡി.എഫിന് രണ്ടും കിട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വി. മുരളീധരനും കടകംപള്ളി സുരേന്ദ്രനും കോണ്‍ഗ്രസിന്റെ എം.എ. വാഹിദുമാണ് ഏറ്റുമുട്ടിയത്. അന്ന് അവര്‍ക്ക് മന്ത്രിപരിവേഷങ്ങളില്ലായിരുന്നു. 7347വോട്ടുകള്‍ക്കാണ് കടകംപളളി സുരേന്ദ്രന്‍ വിജയിച്ചത്. വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.
എ.കെ. ആന്റണിയെയും എം.വി. രാഘവനെയും തലേക്കുന്നില്‍ ബഷീറിനെയും എം.എം. ഹസനെയും പോലുള്ള യു.ഡി.എഫിലെ അതികായര്‍ മത്സരിച്ച്‌ വിജയിച്ച കഴക്കൂട്ടത്തിപ്പോള്‍ അവര്‍ക്ക് പഴയ പ്രൗഢി കഴിഞ്ഞ നിയമസഭാ, ലോക് സഭാതിരഞ്ഞെടുപ്പില്‍ പുറത്തെടുക്കാനായില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇടതുമുന്നണിയുടെ മേല്‍കൈയാണ് പ്രകടമായത്. മണ്ഡലത്തില്‍ അടുത്തിടെ ബി ജെ പിക്കുണ്ടായ മുന്നേറ്റമാണ് രാഷ്ട്രീയ സാഹചര്യം മാറ്റിയത്. അതിവേഗം വളരുന്ന നഗരപ്രദേശമാണ് കഴക്കൂട്ടം. ടെക്‌നോപാര്‍ക്കും നിരവധി പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളും അതിനോട് ചേര്‍ന്നുള്ള ഐ.ടി അനുബന്ധസ്ഥാപനങ്ങളും ജീവനക്കാരുമെല്ലാം ചേര്‍ന്ന് ഒരു മെട്രോ സംസ്‌കാരമുണ്ട്.

വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരു ഉപനഗരത്തിന്റെ സ്വഭാവവുമുണ്ട്. അന്യനാടുകളില്‍ നിന്നെത്തി ടെക്‌നോപാര്‍ക്കിലും മറ്റും ജോലിചെയ്യുന്ന നിരവധി പേര്‍ ഇപ്പോള്‍ കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടര്‍മാരാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി പ്രവചനാതീതമാണിവിടുത്തെ സ്ഥിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button