പത്തനംതിട്ടയിൽ സി.പി.ഐ.എം ഓഫീസ് ബി.ജെ.പി ഓഫീസായത് സി.പി.എമ്മിന് ആശങ്കയുണ്ടാക്കിയ വാർത്തയായിരുന്നു. തിരുവനന്തപുരം കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മറ്റികൾ ഓഫീസടക്കം ബി.ജെ.പിയിലേക്ക് മാറിയതിന് പിന്നാലെയാണ് സമാനമായ സംഭവം പത്തനംതിട്ടയിലും നടന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജക മണ്ഡലത്തിൽ, പെരുനാട് പഞ്ചായത്തിലെ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവനുമാണ് ബി.ജെ.പി യിൽ ചേർന്നത്. മുഴുവൻ പ്രവർത്തകരും ചേർന്നതിനാൽ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു.
യു.ഡി.എഫ് സി.പി.ഐ.എമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രംഗത്ത് എത്തി. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതോടെ പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെക്രട്ടറി. സംഭവത്തെ കുറിച്ച് സെക്രട്ടറി റോബിന്‍ കെ തോമസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ:
‘കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുനാട്ടിലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി ബി.ജെ.പി നേതാക്കള്‍ വ്യാജ അക്കൗണ്ട് വഴി പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെരുനാട്ടില്‍ പി.എസ് മോഹനന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണ സമിതി അധികാരത്തില്‍ വന്നു. ഇതില്‍ വിറളിപൂണ്ട ബി.ജെ.പി നേതാക്കള്‍ വ്യാജ പ്രൊഫൈലുകള്‍ വഴി പഞ്ചായത്ത് പ്രസിഡന്റിനും നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതിനെതിരെ പെരുനാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്.
കഴിഞ്ഞ ഞായറാഴ്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തിയിരുന്നു. യോഗത്തില്‍ എണ്ണൂറോളം ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ശേഷം മോഹനന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ബി.ജെ.പി കക്കാട് വാര്‍ഡ് മെമ്പര്‍ മദ്യപിച്ച് യോഗ സ്ഥലത്ത് എത്തുകയും മോഹനനെ അസഭ്യം പറയുകയും ചെയ്തു. പോലീസ് ഇടപെട്ട് മെമ്പര്‍ അരുണിനെ മാറ്റിക്കൊണ്ടുപോയിട്ടും ഇയാള്‍ അസഭ്യം പറച്ചില്‍ തുടര്‍ന്നു. സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.
Also Read:പാലാരിവട്ടം പാലം ഉടൻ സർക്കാരിന് കൈമാറും; അഭിമാന നിമിഷമെന്ന് ഇ. ശ്രീധരൻ
വിഷയത്തെത്തുടര്‍ന്ന് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അരുണ്‍ അനിരുദ്ധിന്റെ പിതാവിന്റെ അനിയന്റെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ശേഷം കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി കടമുറിക്കു മുന്നില്‍ യോഗം ചേര്‍ന്നു. പിന്നാലെ സി.പി.ഐ.എം ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു എന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ബി.ജെ.പി വാര്‍ഡ് മെമ്പര്‍ ആയ അരുണ്‍ അനിരുദ്ധനെ കഴിഞ്ഞ ദിവസം അക്രമികൾ വെട്ടി പരിക്കേല്‍പ്പിച്ചതിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് കക്കാട് വാര്‍ഡ് കമ്മിറ്റിയുടെ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തത്. ഇവിടെവെച്ച് മുഴുവൻ സി.പി.ഐ.എം പ്രവർത്തകരും ബി.ജെ.പി യിലേക്ക് ചേരുകയായിരുന്നു. ഓഫീസ് മാറ്റത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments