![](/wp-content/uploads/2021/03/p-jayarajan.1.364858.jpg)
കോഴിക്കോട്: പി ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍എസ്‌എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന ആരോപണവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മിന്റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.’
‘എന്നാല്‍ അതിനു ശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന നിര്‍ദേശം ആര്‍എസ്‌എസ് മുന്നോട്ടു വെച്ചു. പി ജയരാജന്‍ ജില്ലയില്‍ സിപിഎമ്മിന്റെ തലപ്പത്തു തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്നു ആര്‍എസ്‌എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ പദ്ധതി തയ്യാറാക്കി.’
‘വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. തക്കതായ കാരണം ഇല്ലാതെ ജയരാജനെ മാറ്റിയാല്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമെന്ന് ഭയന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സെക്രട്ടറി സ്ഥാനത്തു നിന്നു താത്കാലികമായി മാറ്റി നിര്‍ത്താതെ പദവിയില്‍ നിന്നു തിരക്കിട്ടു നീക്കി പകരം പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജനെ രാജിവെപ്പിച്ചു കൊണ്ടുവന്നു ജില്ലാ സെക്രട്ടറിയാക്കി.’
‘കെ. മുരളീധരനോട് വലിയ വോട്ടിനു തോറ്റ ശേഷം ജയരാജന് പാര്‍ട്ടിയില്‍ പദവികളോ ചുമതലയോ നല്‍കിയതുമില്ല. ഇതിലൂടെ ആര്‍എസ്‌എസ് നിര്‍ദേശം നടപ്പാക്കുകയാണ് പിണറായിയും കോടിയേരിയും ചെയ്തത്. ആര്‍എസ്‌എസ് നേതാക്കളുമായി തന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സിപിഎം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം ഇന്നു സ്ഥിരീകരിച്ചതോടെ ഇതെക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ചു മാപ്പ് പറയാന്‍ എം വി ഗോവിന്ദന്‍ തയ്യാറാകണമെന്നും’ സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.
‘എവിടെയാണ് ചര്‍ച്ച നടന്നതെന്നു തെളിയിക്കാനാണ് ഗോവിന്ദന്‍ വെല്ലു വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലും ചര്‍ച്ച നടന്നതായാണ് ശ്രീ എം പറഞ്ഞത് എന്നും’ സുബ്രഹ്മണ്യൻ ചൂണ്ടിക്കാണിച്ചു.
Post Your Comments