സാൻ
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു രാജ്യമാണ് നമ്മുടേത്. ദിനംപ്രതി 87 പെൺകുട്ടികൾ രാജ്യത്ത് റേപ്പ് ചെയ്യപ്പെടുന്നുണ്ട്. ഒരതിക്രമം നടക്കുമ്പോൾ മാത്രം സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധികാരികളടക്കം, ആൺകുട്ടികൾക്ക് പെൺകുട്ടികളെക്കുറിച്ചും, അവരോട് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പഠിപ്പിക്കാത്ത വീട്ടുകാരെക്കൂടി ചേർത്താണ് ഓരോ അതിക്രമങ്ങളെയും രേഖപ്പെടുത്തേണ്ടത്.
ഒരു മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടും കണ്ടുവളരുന്ന സമൂഹവും അവനെ തീർച്ചയായും സ്വാധീനിച്ചേക്കാം. അമ്മയും അച്ഛനും മോശപ്പെട്ട സിനിമകൾ കാണുമ്പോൾ ഒളിച്ചിരുന്ന് അതിനെ മുഴുവൻ വിലയിരുത്തുകയും, ഒരിക്കൽ പഠിക്കുന്ന സഹപാഠിയിലേക്ക് അത് പകർത്താൻ ശ്രമിച്ചപ്പോൾ പ്രതികരിച്ച ആ പെൺകുട്ടിയെ കൊലചെയ്യുകയും ചെയ്ത കുട്ടികൾ കൂടി അടങ്ങുന്നതാണ് നമ്മുടെ സമൂഹം.
Also Read:നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? സംവിധായകന്‍ രഞ്ജിത് പറയുന്നു
സമൂഹം തന്നെയാണ് ഓരോ റേപ്പുകളെയും അതിക്രമങ്ങളെയും സൃഷ്ടിക്കുന്നത്. കുടുംബത്തിലെ കൃത്യമായ വളർത്തുരീതികളിൽ വരുന്ന അപചയവും മറ്റൊരു കാരണമാണ്. സ്കൂളുകളിൽ നിന്ന് തന്നെ പഠിപ്പിക്കേണ്ട കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ കുട്ടികൾ സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും കൂട്ടുകാരുടെ ഗോസിപ്പുകളിലൂടെയുമാണ് ഇതിനെയെല്ലാം വിലയിരുത്തുന്നത്. ഈ വിലയിരുത്തൽ ഒരു കീഴ്പ്പെടുത്തൽ മനോഭാവമാണ് കുട്ടികളിൽ സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ നല്ല വിദ്യാഭ്യാസം ഇന്ത്യയിലെ അതിക്രമങ്ങളെയും റേപ്പുകളെയും ഇല്ലാതാക്കുമെന്നുറപ്പാണ്.
ഓരോ പെൺകുട്ടിയും നമ്മളുടെ കുട്ടികളാണെന്ന ധാരണ ഓരോ മനുഷ്യനിലും സൃഷ്ടിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഒരാക്രമണം നടന്നാൽ അതിനെ പ്രതിരോധിക്കാൻ പെൺകുട്ടികളെ സജ്ജരാക്കേണ്ടതുമുണ്ട്. 2019 ലെ കണക്ക് പ്രകാരം 405861 കേസുകളാണ് സ്ത്രീകൾക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് എണ്ണപ്പെട്ട കണക്കുകൾ മാത്രം. ഇനിയും എത്രയോ പെൺകുട്ടികൾ എവിടെയൊക്കെയോ ഇപ്പോഴും അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നുണ്ട്.
ഓർക്കുക, ഓരോ പെൺകുട്ടിക്കും ഓരോ വീടുകളുണ്ട്. അവളെ കാത്തിരിക്കുന്ന ആരൊക്കെയോ ഉണ്ട് നിങ്ങളെയും എന്നെയും പോലെ..
Post Your Comments