രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഒരു എംപി പോലും ഇല്ലായിരുന്നിട്ടും കേരളത്തോട് ഒരു വിവേചനവും മോദിജി കാണിച്ചിട്ടില്ല. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം നിരവധി കാര്യങ്ങൾ ചെയ്‌തെന്നും നിർമല സീതാരാമൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ നിന്ന് ഒരു എംപി പോലും ഇല്ല. പിന്നെ കേരളത്തെ എന്തിന് പരിഗണിക്കമെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ മുന്നേറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ദേശീയ പാത വികസനത്തിനായി 65000 കോടി രൂപയാണ് നീക്കിവച്ചത്. കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപയും നൽകി കഴിഞ്ഞു. പുഗല്ലൂർ-തൃശ്ശൂർ ട്രാൻസ്മിഷൻ പ്രോജക്ടിനായി 5070 കോടി രൂപയാണ് നൽകിയത്. കാസർഗോഡ് സോളാർ പവർ പ്രോജക്ട്, അരുവിക്കര വാട്ടർ ട്രീറ്റ്മെന്റ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
47 വർഷം മുൻപ് നിർമാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇത് മറ്റ് പാർട്ടികൾക്ക് സാധിക്കാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments