നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 51 ശൂന്യാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഞായറാഴ്ച രാവിലെ 10.24 നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യത്തെ വിക്ഷേപണമാണിത്.
ബഹിരാകാശ മേഖലയില്‍ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വിയില്‍ വിക്ഷേപിക്കുന്നത്.
പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ(പിഎസ്എൽവി-സി51) പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും ബഹിരാകാശത്തേയ്ക്ക് കുതിച്ചുയർന്നു.
Also Read:മന്നത്തിനോടുള്ള ഇരട്ടത്താപ്പിൽ എൻഎസ്എസ് നേതൃത്വത്തിന് കലിപ്പ്
നേരത്തെ ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് വാണിജ്യവിക്ഷേപണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ കൂടുതല്‍ വാണിജ്യസാദ്ധ്യതകള്‍ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍. സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് സതീഷ് ധവാൻ ഉപഗ്രഹം നിർമ്മിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളാണ് ഇതിലുള്ളത് – ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോപവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക. മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന യൂണിറ്റിസാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകൾ ചേർന്നാണ്.
Post Your Comments