കൊടകര: ചലച്ചിത്ര നടനും ക്രിമിനൽ കേസ് പ്രതിയും ഒന്നരക്കിലോ കഞ്ചാവുമായി പോലീസ് പിടിയിലായിരിക്കുന്നു. മറ്റത്തൂർ, ഒമ്പതുങ്ങൽ, വട്ടപ്പറമ്പിൽ കരിമണി എന്നറിയപ്പെടുന്ന ബിനീത്(29), ഇയാളുടെ സഹായിയും ചലച്ചിത്ര താരവുമായ വെള്ളിക്കുളങ്ങര, മോനൊടി ചെഞ്ചേരിവളപ്പിൽ അരുൺ(26) എന്നിവരെയാണ് ഒമ്പതുങ്ങൽ, മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ് ഇന്റലിജന്റ്സ്, സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ ചേർന്ന് പിടികൂടിയിരിക്കുന്നത്.
ജില്ലയിലെ ആൾ സഞ്ചാരം കുറവുള്ള വിജനപ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സജീവമാകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 1.5 കിലോ കഞ്ചാവ്, ഡ്യൂക്ക് ഇരുചക്രവാഹനം എന്നിവ സഹിതം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പോലീസ് പിടികൂടുന്നത്. കോടാലി പെട്രോൾ പമ്പിൽ ഒരാളെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ബിനീത് മുഖ്യ പ്രതിയാണ്.
ഷോർട്ട് ഫിലിം, ടെലിഫിലിം മേഖലകളിൽ പ്രവർത്തിച്ചിരുന്ന ആളാണ് അരുൺ. ടെലിഫിലിം അഭിനയത്തിന് സംസ്ഥാന അവാർഡിന് ഇയാൾ അർഹനായിരുന്നു. ഇയാളും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കരിമണി ബിനീതിന്റെ ഏജന്റായി കൊടകര, കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളിൽ അരുൺ കഞ്ചാവു വിൽപ്പന നടത്തുകയാണ്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ആണ് കരിമണി കഞ്ചാവ് എത്തിക്കുന്നത്. കേസിന്റെ തുടരന്വേഷണം നടത്തുകയാണ്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദ്, ഇന്റലിജന്റ്സ് ഇൻസ്‌പെക്ടർ എസ്. മനോജ്കുമാർ, ഇന്റലിജൻസ് ഓഫീസർമാരായ കെ. മണികണ്ഠൻ, കെ.എസ്. ഷിബു, എസ്. സതീഷ്‌കുമാർ, ടി.ജി. മോഹനൻ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജിന്റോ ജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ് ബാബു, റിജോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments