ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകർത്ത് രാജ്യത്ത് തന്നെ നിർമിക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 (ടോയ് ഫെയർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കൾകൊണ്ട് കളിപ്പാട്ടങ്ങൾ നിർമിക്കണം. പുതിയ കണ്ടുപിടിത്തങ്ങൾക്ക് പ്രാധാന്യം നൽകണം, ആത്മനിർഭർ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾതന്നെ ഉൽപാദിപ്പിക്കണം. ആഗോളതലത്തിൽ കൂടുതൽ ഉൽപാദനം നടത്തുന്ന രാജ്യമായി മാറാൻ ഇന്ത്യയ്ക്കു സാധിക്കും. രാജ്യത്തു വിൽക്കപ്പെടുന്ന 85% ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. 100 ബില്യൻ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്ക്കു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. കൈകൊണ്ടു നിർമിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം’– പ്രധാനമന്ത്രി പറഞ്ഞു.
Read Also : കോവിഡ് ഭീതി; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി
വാരാണസിയിലെയും ജയ്പുരിലെയും പരമ്പരാഗത കളിപ്പാട്ട നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു. കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചു പരമ്പരാഗത കളിപ്പാട്ടങ്ങൾ പുതുക്കി നിർമിക്കണം. പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ കളിപ്പാട്ട നിർമാണത്തിന് ഉപയോഗിക്കണം. കളിപ്പാട്ട നിർമാണ മേഖലയ്ക്കായി സർക്കാർ ദേശീയ കർമ പദ്ധതി തയാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments