Latest NewsNewsIndia

ഓസ്കാറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് ‘ മ് ‘ പ്രതീക്ഷയുമായി ഇന്ത്യൻ സിനിമാലോകം

ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്.

ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ‘മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്.

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്.

സ്ക്രീനിംഗ് നടന്നുകൊണ്ടിരിക്കുന്ന തിനാൽ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ഈ ചിത്രം ഇപ്പോൾ കാണുവാനുള്ള സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ലോസ് എഞ്ചൽസിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതർ ഫിലിംസ് അവരുടെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 21 മുതൽ 27 വരെ നടത്തുന്ന പ്രദർശനമാണ് പൊതുജനങ്ങൾക്ക് കാണാൻ കഴിയുക. https://gathr.us/screening/31737 എന്ന ലിങ്ക് വഴി പുലർച്ചെ 7:30, 5:00, 2:30 എന്നീ സമയങ്ങളില്‍ ഉള്ള പ്രദര്‍ശനങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്ത് കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയിൻ സ്ട്രീം കാറ്റഗറിയിൽ ‘ ഏറ്റവും മികച്ച ചിത്രം ‘ എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്.

read also:മലമ്പുഴയിൽ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേർന്നു

തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ‘മ്..’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ‘ സംസ്കൃത ഭാഷയിലുള്ള നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങൾ രണ്ടായിരത്തി പത്തൊൻപതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് മണിക്കൂറുകൾകൊണ്ട് വിശ്വഗുരു എന്ന സിനിമ പൂർത്തിയാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018 ൽ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയിൽ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.

ഈ വര്‍ഷം ആദ്യ പകുതിയോടെയാണ് കേരളത്തിൽ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button