എടപ്പാൾ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും യോഗിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളുവെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയ യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രൻ അവിടെ വച്ച് മാധ്യമങ്ങളെ കണ്ടപ്പോളാണ് ഇക്കാര്യം പറഞ്ഞത്.
യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയൻ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ ബിജെപിയും കോൺഗ്രസും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നുപറയുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്ന മറുപടിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments