കുട്ടികൾക്ക് നേരെയുള്ള ശാരീരിക ഉപദ്രവത്തെ പലസാഹചര്യങ്ങളിലായി പലരും ചെറുതായി കാണാറുണ്ട്. ചൈൽഡ് അബ്യൂസിനെ എതിർക്കുന്നുവെന്ന് പറയുമ്പോഴും അതിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അത്തരത്തിൽ കുട്ടികൾക്ക് നേരെയുള്ള ശാരീരിക ഉപദ്രവവുമായി ബന്ധപ്പെട്ട് ഡാനിയ നജിഹ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. വൈറൽ പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ:
“ചൈൽഡ് അബ്യൂസിനെ എതിർക്കുന്നു, പക്ഷെ…” അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്… പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷൻ മാഷിനുള്ള അമിതവാത്സല്യം ശ്രദ്ധയിൽപെടുന്നത്. ഒരിക്കൽ ക്ലാസുകഴിഞ്ഞിറങ്ങുമ്പോൾ അവളെതിർക്കാൻ ശ്രമിച്ചിട്ടും, “നിന്നെയൊന്ന് തൊടാൻ പോലും സമ്മതിക്കില്ലേ ” എന്ന് പറഞ്ഞവളെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ ഇതെന്തോ ശരിയായ കാര്യമല്ല എന്ന വളരെ vague ആയ ബോധ്യമേ ഉണ്ടായിരുന്നുള്ളു. എന്തോ ഒരുൾപ്രേരണയാൽ “നിനക്ക് മാഷിനോട് ദേഷ്യമുണ്ടോ?” എന്ന് ചോദിച്ചപ്പോൾ “ഏയ്.. മാഷ് നല്ലയാളാണ്.. ഉപ്പാക്ക് ജോലിയില്ലാതായപ്പോഴൊക്കെ ഫ്രീ ആയാണ് എനിക്ക് ട്യൂഷൻ എടുത്തത്” എന്ന് അവളെന്നെ തിരുത്തുകയും ചെയ്തു.
അയാളുടെ സമീപനത്തോട് ചെറിയൊരു വൈമുഖ്യം ഉണ്ടെന്നതൊഴിച്ചാൽ അയാളെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു അവൾ നോക്കിക്കണ്ടത്. ആ സംഭവം ഞാനോ അവളോ വീട്ടിൽ പറഞ്ഞിരുന്നില്ല. പറയാൻ മാത്രം കാര്യമായി അതിലെന്തെങ്കിലും ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പാട്ട് സീനുകൾ വരുമ്പോൾ ചാനൽ മാറ്റുന്ന, ബലാത്സംഘത്തിന്റെ അർത്ഥം ചോദിച്ചാൽ അടികിട്ടുന്ന ഗൃഹാന്തരീക്ഷം കൈമുതലായിട്ടുള്ള നമ്മുടെ സമൂഹത്തിൽ ഇത് അസംഖ്യം കുട്ടികളുടെ അനുഭവമാണ്. എത്ര വളർന്ന് കഴിഞ്ഞപ്പോഴാവും ഒരു കടപ്പാടിന്റെ പുറത്ത് താൻ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവുക !!!. കണ്മുന്നിൽ വെച്ച് നടന്ന ആ സംഭവം ഓർക്കുമ്പോഴൊക്കെയും ഉള്ള് പൊള്ളിക്കാറുണ്ട്.
കുട്ടികളോടുള്ള ലൈംഗീകാതിക്രമം സർവസാധാരണമാണ് നമ്മുടെ നാട്ടിൽ. വലിയൊരു വിഭാഗം വിക്ടിംസും മുതിർന്നതിനു ശേഷമാണ് തങ്ങൾ അബ്യൂസ് ചെയ്യപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്നത് . ഇനി തിരിച്ചറിഞ്ഞാൽ പോലും അത് പുറത്ത് പറയുന്നതിനോടും പ്രതികരിക്കുന്നതിനോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് മുന്നിൽ കുഴിച്ചുമൂടപ്പെടുന്ന സംഭവങ്ങളും അനവധിയാണ്. എന്നിട്ടും ഔദ്യോഗിക കണക്കുകൾ പ്രകാരം 109 പോക്സോ കേസുകൾ ദിനേന റിപ്പോർട്ട് ചെയ്യപ്പെടുന്ന, ആഗോള തലത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ ചൈൽഡ് പോർണോഗ്രാഫി പ്രചരിപ്പിക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത്, പീഡോഫിലിയ കാല്പനികവത്കരിക്കപ്പെടുകയും വേട്ടക്കാരന്റെ മൗലിക അവകാശങ്ങളെക്കുറിച്ച് വാചലരാവുന്ന ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്യുന്നത് തീർത്തും അപലപനീയം ആണ്.
പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന, നാലു നേരവും ഓരോ ടീസ്പൂൺ വീതം പൊളിറ്റിക്കൽ കറക്ട്നെസ്സ് കലക്കിക്കുടിക്കുന്ന ആളുകൾ മുൻപന്തിയിലുണ്ടെന്ന് കാണുമ്പോൾ പ്രത്യേകിച്ചും. നിങ്ങൾ പറഞ്ഞു വെക്കുന്ന ഓരോ പക്ഷേകൾക്കും ചെറിയ തോതിലെങ്കിലും നീതീകരിക്കപ്പെടുന്ന പോട്ടെന്ഷ്യൽ ക്രിമിനലുകൾ ഉണ്ട്. അതിനപ്പുറം ശാരീരികവും മാനസികവുമായ ഒരുപാട് ആഘാതങ്ങളേറ്റ് ട്രോമയിൽ നിന്ന് കരകേറാനാവാതെ വിഷാദത്തിൽ വീണുപോവുന്ന ബാല്യങ്ങളുമുണ്ട്. ലോകത്ത് പല പല ചിന്താധാരകളും നീതിശാസ്ത്രങ്ങളും ഉണ്ടായിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ നിലപാടുകൾ തർക്കാധിഷ്ഠിതവുമാണ്. പക്ഷെ ചൈൽഡ് അബ്യൂസ് പോലൊരു വിഷയത്തിന്റെ ഫോക്കസ് മാറ്റി അബ്യൂസറെ തലോടി വെളുപ്പിച്ചെടുക്കുന്നതൊക്കെ എന്ത് തരത്തിലുള്ള പുരോഗമനം ആണ്?.
https://www.facebook.com/daniya.najiha/posts/792951901569313
Post Your Comments