
തിരുവനന്തപുരം : പാർട്ടി ഓഫീസടക്കം ബി.ജെ.പിയിലേക്ക് പോയെന്ന പ്രചാരണത്തിന് തടയിടാൻ മറുവാദവുമായി സി.പി.എം . ബി.ജെ.പി അതങ്ങിനെ ആഘോഷിക്കേണ്ടെന്നും പാർട്ടി ഓഫീസ് കെട്ടിടം പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നയാളുടേതാണെന്നും പറഞ്ഞാണ് സി.പി.എമ്മിന്റെ തിരിച്ചടിച്ചുള്ള പ്രചാരണം. പാർട്ടി വിട്ടവരെല്ലാം പാർട്ടി പുറത്താക്കിയ താണെന്നും സി.പി.എം പറയുന്നു.
വിഴിഞ്ഞം തോട്ടത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയാക്കമ്മിറ്റി അംഗവുമായിരുന്ന മുക്കോല പ്രഭാകരൻ, വയൽക്കര മധു എന്നിവരടക്കം സി.പി.എമ്മിൽ സജീവമായിരുന്നവർ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. സി.പിഎം പ്രവർത്തകർ കൂട്ടമായി ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി.ജെ.പി.യുടേതായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി.ജെ.പി ഓഫിസായി മാറിയത് വലിയ തോതിലാണ് പ്രചരിച്ചത്. വിഴിഞ്ഞത്ത് സി.പിഎം ‘അടപടലം’ ബി.ജെ.പിയിലേക്കെന്നാണ് സമൂഹമാധ്യമങ്ങൾ ഇതിനെ ആഘോഷിച്ചത്. ഇതോടെയാണ് പ്രതിരോധവുമായി സി.പി.എം രംഗത്തുവന്നത്.
Read Also : പി.സി. മാർ രണ്ടാളും എൻ.ഡി.എയിൽ
അരിവാൾ ചുറ്റിക നക്ഷത്രവും ചെഗുവേരയുടെ ചിഹ്നവുമുൾപ്പെടെ എടുത്തുമാറ്റി അവിടെ കാവിയടിക്കുകയും താമരചിഹ്നവും കാവിപതാകയും സ്ഥാപിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബംഗാളിൽ സി.പി.എം ഓഫീസുകൾ ബി.ജെ.പിയുടെ ഓഫീസായി മാറുന്നതിനോടുപമിച്ചായിരുന്നു പ്രചാരണം. ബി.ജെ.പിയിലേക്ക് മാറിയ വയൽക്കരമധുവിന്റേതാണ് ഓഫീസ് കെട്ടിടമെന്നാണ് സി.പി.എം വിശദീകരണം. മധു ബി.ജെ.പിയിലേക്ക് പോയതോടെ ഈ കെട്ടിടം ബി.ജെ.പി ഓഫീസാക്കി മാറ്റുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായാണ് സി.പി.എം വിശദീകരണം.
ബി.ജെ.പിയുടേത് തരം താഴ്ന്ന പ്രചാരണവേലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പിഎം പ്രതിരോധം. ബ്രാഞ്ച് കമ്മിറ്റികളുടെ ഓഫീസുകൾ പലതും വാടകക്കാണെന്നും പാർട്ടിയുടെതെന്ന് പറയുന്ന ഓഫീസുകൾ വാടകക്കെടുത്താണ് ബ്രാഞ്ച് കമ്മിറ്റികൾ തങ്ങളുടെ പ്രവർത്തനം നടത്തുന്നതെന്നും സി.പി.എം ജില്ലാനേതാക്കൾ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മുല്ലൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയെന്നതിന് വിഴിഞ്ഞത്ത് മുക്കോലപ്രഭാകരനേയും വയൽക്കരമധുവിനെയും പാർട്ടി പുറത്താക്കിയതാണ്. പാർട്ടി പുറത്താക്കിയയാളുടെ കെട്ടിടത്തിൽ നിന്നും ചില പാർട്ടി അനുഭാവികളാണ് പാർട്ടിയുടെ തോരണങ്ങളുൾപ്പെടെ അഴിച്ചുമാറ്റിയത്. ഇതാണ് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതെന്നും ജില്ലാനേതാക്കൾ പറഞ്ഞു.
Read Also : ‘രാഹുലിന്റേത് നാടകം, കരയില്‍ നിന്ന് പോകുമ്പോള്‍ വള്ളത്തില്‍ മീന്‍’; ആരോപണവുമായി മത്സ്യത്തൊഴിലാളികൾ
കഴിഞ്ഞ ചൊവ്വാഴ്ച എൻ.ഡി.എ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലിൽ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകൾ കൂട്ടമായി ബി.ജെപിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച പ്രകടനം നടത്തിയ തീരദേശമേഖലയിലെ കൊഴിഞ്ഞുപോക്ക് പാർട്ടിയിൽ വളരെ അസ്വസ്ഥത
യാണുണ്ടാക്കിയിട്ടുള്ളത്.
അതേസമയം, മുക്കോലപ്രഭാകരനടക്കമുള്ളവരുടെ കടന്നുവരവ് പാർട്ടിയെ കൂടുത്തൽ കരുത്തുറ്റതാക്കുമെന്ന തിരിച്ചറിവാണ് സി.പി.എമ്മിനെ ഇത്തരത്തിൽ പ്രചാരം നടത്തുന്നതിനിടയാക്കിയതെന്നാണ് ബി.ജെ.പിയിൽ ചേർന്നവർ പറയുന്നത്. പാർട്ടി ഓഫീസ് വാടകക്ക് നല്കിയവർക്ക് ‘കച്ചീട്ട്’ കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബി.ജെ.പി നേതാക്കൾ പരിഹസിച്ചു. പാർട്ടിയിലേക്ക് കൂടുതൽ പേർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായെത്തുമെന്നും എല്ലാപാർട്ടി ഓഫീസുകളുടേയും ‘കച്ചീട്ട്’ പുതുക്കാൻ സി.പി.എം നേതാക്കൾ തയ്യാറാകണമെന്നും ബി.ജെ.പിയിലേക്ക് വന്നവർ ഉപദേശിച്ചിട്ടുണ്ട്.
Post Your Comments