മംഗളൂരു: എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം പിടിയിൽ. ബാങ്ക് ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന സംഘമാണ് മംഗളൂരുവില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തൃശൂര്‍ സ്വദേശി ഗ്ലാഡ്വിന്‍ ജിന്റോ ജോയ് എന്ന ജിന്റു (37), ദല്‍ഹി സ്വദേശി ദിനേശ് സിംഗ് റാവത്ത് (44), കാസര്‍കോട് കുഡ്‌ലുവിലെ അബ്ദുല്‍ മജീദ് (27), ആലപ്പുഴയിലെ രാഹുല്‍ ടി.എസ് (24) എന്നിവരെയാണ് മംഗളൂരു പോലീസ് പിടികൂടിയിരിക്കുന്നത്. ഇവരില്‍ നിന്ന് സ്‌കിമ്മിംഗ് ഉപകരണം, കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകള്‍, വ്യാജ എടിഎം കാര്‍ഡുകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, രണ്ട് ആപ്പിള്‍ വാച്ചുകള്‍ എന്നിവയും പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത മുതലുകള്‍ക്കെല്ലാം കൂടി 25 ലക്ഷത്തോളം രൂപ വിലവരുന്നതാണ്.
2020 നവംബറിനും 2021 ഫെബ്രുവരി 22നും ഇടയിലുള്ള ദിവസങ്ങളില്‍ കുലായിലെ ബാങ്ക് ഓഫ് ഇന്ത്യ, ക്യാപിറ്റാനിയോയിലെ കാനറ ബാങ്ക്, മംഗളാദേവിയിലെ എസ്.ബി.ഐ, ചിലിമ്ബിയിലെ കാനറ ബാങ്ക് എന്നിവയുടെ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പ്രതികള്‍ പണം കവർന്നിരുന്നു. സംഭവത്തിൽ എ.ടി.എം ഇടപാടുകാരുടെ ഡാറ്റ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് സംഘം പണം കവർന്നിരുന്നത്. കൂടാതെ ദല്‍ഹി, ബംഗളൂരു, മൈസുരു, കാസര്‍കോട്, ഗോവ, മടിക്കേരി എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിക്കുകയുണ്ടായി.
Post Your Comments