![](/wp-content/uploads/2021/02/railways-.jpg)
തിരുവനന്തപുരം : തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്ഡ് യാത്ര അനുവദിക്കാൻ സാധ്യത. ഇപ്പോൾ ജനറൽ കോച്ചുകളിൽ നല്കിവരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31 ന് ശേഷം നല്കേണ്ടെന്ന തീരുമാനം ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തൽ.
ദക്ഷിണ റെയിൽവേയിലാണ് കഴിഞ്ഞ ഒമ്പതുമാസമായി അൺറിസർവേഷൻ നിർത്തിവെച്ചിരിക്കുന്നത്. റിസർവ്വ് ചെയ്തുള്ള യാത്ര പ്രതിദിന യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നതായുള്ള പരാതികൾ റെയിൽവേക്ക് മുന്നിൽ ധാരാളം എത്തുന്നുണ്ട്. പാസഞ്ചർ തീവണ്ടികളും മെമു സർവ്വീസുകളും തുടങ്ങാത്തത് റിസർവേഷൻ യാത്ര മാത്രമേ അനുവദിക്കുന്നുള്ളു എന്ന ഒറ്റക്കാരണത്താലാണ്.
Read Also : കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി
എന്നാൽ, രാജ്യത്ത് ഇക്കാര്യത്തിൽ ഒരു ഏകീകൃതരൂപം ഇല്ലാത സ്ഥിതിയുമുണ്ട്. വടക്കൻ റെയിൽവേയിൽ പാസഞ്ചറുകളും മെമു സർവ്വീസുകളും എക്സ് പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി ഓടിക്കുന്നുണ്ട്. ഇവിടെ റിസർവേഷനും വേണ്ട. കേരളത്തിൽ പാസഞ്ചറുകൾ ഓടിക്കാത്തതിന് കാരണമായി കോവിഡ് വ്യാപനമാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിൽ താഴെ വന്നാൽ മാത്രമേ പാസഞ്ചർ തുടങ്ങാൻ സാധ്യതയുള്ളു എന്നാണ് അനൗദ്യോഗിക വിവരം.
ജൂണോടെ കോവിഡ് വ്യാപനം കുറയുമെന്ന കണക്കൂകൂട്ടലിലാണ് റിസർവേഷൻ നിർത്തിവെക്കുന്നത്. റിസർവേഷൻ ചെയ്ത് യാത്രചെയ്യുന്നതിനാൽ പ്രതിദിന യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത്.
ഇത്തരം യാത്രക്കാരെ ലക്ഷ്യമിട്ട് തുടങ്ങിയ വെർച്ച്വൽറിമോട്ട് ബുക്കിംഗ് സംവിധാനം ഉദ്ദേശിച്ചതിനെക്കാൾ വിജയമാണ് ഉണ്ടായതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഓട്ടത്തിനിടെ റിസർവേഷൻ ചെയ്യാവുന്ന സംവിധാനമാണിത്. സംസ്ഥാനത്ത് 20 തീവണ്ടികളിൽ ഇത് ഏർപ്പെടുത്തിയിട്ടുണ്ട്. അൺ റിസർവ്ഡ് യാത്ര അനുവദിച്ചാലും വെർച്ച്വൽ റിമോട്ട് ബുക്കിംഗ് സംവിധാനം തുടരുമെന്നാണ് റെയിൽവേയിൽ നിന്നുള്ള സൂചനകൾ.
Post Your Comments