ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്‍കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ന്യൂസ് പോര്‍ട്ടലിന്റേതടക്കം 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വിവാദമായതിനു പിന്നാലെ ബർഖ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഉന്നാവിലെ സദര്‍ കോട്വാലി പൊലീസ് ആണു കേസ് എടുത്തത്.
എന്നാൽ മാധ്യമ ധര്‍മം പാലിച്ചാണു വാര്‍ത്ത നല്‍കിയിട്ടുള്ളതെന്നും അതിനെതിരെ ശിക്ഷാനിയമം പ്രയോഗിക്കുന്നതു തങ്ങളെ വിരട്ടാനുള്ള ശ്രമമാണെന്നും എഫ്‌ഐആറിന്റെ പകര്‍പ്പു പോലും പൊലീസ് തരുന്നില്ലെന്നും ബര്‍ഖ ദത്ത് പ്രതികരിച്ചു. ബര്‍ഖ ദത്തിന്റെ ‘മോജോ സ്റ്റോറി’യും ജനജാഗ്രണ്‍ ലൈവ്, ആസാദ് സമാജ് പാര്‍ട്ടി വക്താവ് സൂരജ്കുമാര്‍ ബൗധ്, നിലിം ദത്ത, വിജയ് അംബേദ്കര്‍, അഭയ്കുമാര്‍ ആസാദ്, രാഹുല്‍ ദിവാകര്‍, നവാബ് സത്പാല്‍ തന്‍വര്‍ എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളുമാണു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
അതേസമയം മൂന്ന് പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചെന്നും ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
Post Your Comments