സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ട വിതരണം 2000 കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ചു. 50 വയസിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്ന 50ൽ താഴെ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.
അതേസമയം, മൂന്നാംഘട്ടത്തിൽ കൂടുതൽ വാക്‌സിനുകൾ സംസ്ഥാനത്ത് എത്തിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരമാവധി ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന്റെ ഭാഗമായി വീടുകൾക്ക് സമീപം തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. ഹെൽത്ത് സെന്ററുകൾ കൂടാതെ സർക്കാർ ഓഫീസുകൾ, ഹാളുകൾ തുടങ്ങിയവ വാക്സിൻ കേന്ദ്രങ്ങളാക്കി മാറ്റും. 45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരും 25 ലക്ഷത്തിൽപരം മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം.
വാക്‌സിൻ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരുടെ സഹായം തേടും. ജില്ലാ അടിസ്ഥാനത്തിലാവും ക്രമീകരണങ്ങൾ ഒരുക്കുക.
നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കുമാണ് ആദ്യ ഡോസ് കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ളത്.
Post Your Comments