KeralaNewsBadayiNarma NimishangalWeirdFunny & Weird

കേരളത്തിലെ 14 ജില്ലകൾക്കും പേരിട്ടത് കുടിയന്മാരോ?; കഥ ഇങ്ങനെ…

ട്രിവാൻട്രം എന്ന പേര് ലഭിക്കാൻ കാരണം മരങ്ങൾ പോലും മദ്യം ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണത്രേ

അമിത മദ്യപാനികളെ പലപ്പോഴും കുടിയന്മാർ, പാമ്പ് എന്നൊക്കെ വിളിച്ച് നമ്മൾ അകറ്റി നിർത്താറുണ്ട്. എന്നാൽ, കള്ളു കുടിയന്മാരെക്കൊണ്ട് ചില പ്രയോജനങ്ങളൊക്കെയുണ്ട്. കേരളത്തിലെ 14 ജില്ലകൾക്കും പേരിട്ടത് കുടിയന്മാരാണത്രേ…! നെറ്റി ചുളിക്കാൻ വരട്ടെ… അതിന് മുൻപ് ഈ പേരുകൾ വന്ന വഴിയും അതിന് പിന്നിലുള്ള ഈ കഥയും ഒന്ന് കണ്ടു നോക്കു… വെറും കഥയല്ല, സ്ഥലവും നാമവും എണ്ണിപറഞ്ഞുള്ള ദാ.. ഈ കഥ…

കേരളത്തിന്റെ തലസ്ഥാന നഗരത്തിന് ഇംഗ്ലീഷിൽ ട്രിവാൻട്രമെന്നാണല്ലോ പറയുന്നത്. ആ പേര് അങ്ങനെ വെറുതെ വന്നതല്ലെന്നാണ് കുടിയന്മാരുടെ ഭാഷ്യം. ട്രിവാൻട്രം എന്ന പേര് ലഭിക്കാൻ കാരണം മരങ്ങൾ പോലും മദ്യം ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണത്രേ… അതായത് ട്രീ വാൻഡ് റം(tree want rum)

ഇനി കായലോര ജില്ലയായ കൊല്ലത്തിന് പേര് വരാൻ കാര്യം അടിച്ച് ഫിറ്റ് ആയപ്പോ സാധനം കൊള്ളാം(kollam) എന്നു പറഞ്ഞതാണ് കൊല്ലമായി മാറിയെന്നാണ് പറയുന്നത്.

പുഴവക്കത്തിരുന്നു മദ്യപാനവും അലമ്പും വലിയ ശല്യമായപ്പോൾ നാട്ടുകാർ കൂടി എല്ലാത്തിനേയും പൊക്കി പുഴയിലിട്ടു. പിന്നെ എപ്പോൾ അലമ്പ് കാണിച്ചാലും പുഴയിൽ എറിയുന്നത് പതിവായി. പുഴയുടെ പേര് അലമ്പ് പുഴയെന്നും അത് പിന്നീട് ആലപ്പുഴയെന്ന് വിളിക്കുകയുമായിരുന്നു…

വയലും വരമ്പും (തിട്ട )ആയി കിടന്ന പ്രദേശം. തിട്ട മേൽ മദ്യപാനികൾ ഇരുന്ന് സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. കുടിയന്മാരെ എന്നല്ലേ വിളിക്കുന്നത്. പാമ്പ് എന്നാൽ പത്തിയുളള ഇനം. അന്ന് സ്ത്രീകളോട് മുന്നറിയിപ്പ് കൊടുക്കും. എടീ അങ്ങോട്ട് പോകണ്ട അവിടെ പത്തിയുള്ള ഇനം തിട്ടയിൽ ഇരിപ്പുണ്ട്. പത്തിയുള്ള ഇനം തിട്ട ലോപിച്ച് ഇന്നത്തെ പത്തനംതിട്ട ആയി.

അക്ഷര നഗരിയ്ക്ക് ആ പേര് ലഭിച്ചത് രണ്ട് പട്ടാളക്കാർ മദ്യപിച്ച് തീരാറായപ്പോൾ ചോദിച്ചു നിന്റെ ക്വാട്ടയും തീർന്നോ?ക്വാട്ടയും (Quotayum) എന്നത് ക്രമേണ കോട്ടയം ആയി മാറിയത്രേ…!

മദ്യപിച്ചാൽ വയറ്റിൽ കിടക്കണം,,, എന്നല്ലേ…. എന്നാൽ, ഇടുക്കിയിൽ അങ്ങനെയല്ലായിരുന്നുവത്രേ… കുടിയന്മാർ അർദ്ധരാത്രിയായാലും താമസിച്ച് വന്ന് ഉറങ്ങികിടക്കുന്ന ഭാര്യമാരെ ഇടിക്കുമായിരുന്നു. പിന്നെ ഭാര്യമാർ ഉറങ്ങാതെ കാത്തിരിക്കും. വന്നയുടനെ ഭർത്താവിനോട് പറയും ഹേ മനുഷ്യാ നിങ്ങൾ ഇടിക്കുന്നെങ്കി ഇടിക്കീൻ എനിക്ക് ഉറങ്ങണം. അങ്ങനെ ഇടിക്കീൻ എന്നു പറഞ്ഞത് പാട്ടായി. ഇന്നത്തെ ഇടുക്കിയായി.

സംഗതി തീർന്നില്ല കേട്ടോ…

കുടിച്ചുകൊണ്ടിരുന്നപ്പോൾ വെളളം തീർന്നു. അടുത്തെങ്ങും കിട്ടാനുമില്ല. ഇത് കേട്ട് അടുത്തു നിന്ന മറ്റൊരാൾ ‘കുളത്തീന്നെട്’ എന്നു പറഞ്ഞു അത് പിന്നീട് എറണാകുളം ആയി.

റമ്മിനെ ചില സ്ഥലത്ത് ത്രിഗുണൻ (XXX)എന്നു പറയാറുണ്ട്. റം കഴിച്ചിട്ട് പറഞ്ഞത്രേ ഈ ത്രി ശൂരൻ തന്നെയെന്ന അതാണ് പിന്നീട് ത്രിശൂരായത്രേ.

പാലക്കാടിന് പിന്നിലുമുണ്ട് ഒരു കലക്കൻ കഥ. മദ്യപിച്ച് വരുന്ന ഭർത്താവ് എന്നും ഭാര്യയെ അടിക്കുകയും പല്ല് കൊണ്ട് കടിച്ച് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സഹികെട്ട് നാട്ടുകാർ അവന്റെ പല്ലൊക്കെ അടിച്ചിടാൻ ഭാര്യക്ക് ധൈര്യം കൊടുത്തു. അങ്ങനെ പല്ലൊക്കെ അടിച്ചിട്ട പ്രദേശം പല്ലൊക്കെ അടി എന്നും പാലക്കാട് എന്നുമായി മാറി. പള്ളക്കടിയാണ് പാലക്കാട് എന്നു മാറിയതെന്നും ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

ശെടാ… മലയുടെ പുറത്തിരുന്നു റം കഴിക്കുന്നവരെ പിന്നെ എന്ത് വിളിക്കും… ഇങ്ങനെയാണ് മലപ്പുറത്തിന് ആപേര് വന്നത്.

പണ്ട് കോഴിക്കോട് ഭാഗത്ത് മദ്യത്തിനൊപ്പം ചിക്കൻ വാങ്ങാൻ കിട്ടില്ലായിരുന്നു പോലും വീട്ടിൽ വളർത്തുന്നതിനെ തന്നെ കൊന്നാണ് പലരും മദ്യത്തിനൊപ്പം കഴിക്കുന്നത്. അങ്ങെന മദ്യം റെഡിയായി. പക്ഷേ കോഴിയിറച്ചി ഇല്ല. കൂട്ടത്തിൽ ഒരാൾ കോഴിയെ പിടിക്കാൻ ഓടി. എന്നാൽ, ഇതുകണ്ട് കോഴി റോഡിലേക്കും ഓടി. മൂപ്പരും കൂടെ ഓടി ഒരു ലോറി തട്ടി മരിച്ചു. ഇപ്പോഴും മദ്യപിച്ച് മരിക്കുന്നവരെ കോഴിക്കോടി എന്നാണ് കോഴിക്കോട് പറയുന്നത്. മാത്രമല്ല, മുട്ടിയ സ്ഥലം അതായത് മുട്ടം ഇപ്പോഴുമുണ്ട്.

വയനാടിന് പിന്നിലുമുണ്ട് ഒരു മദ്യ കഥ. ആദിവാസികൾ മദ്യപിച്ച് ശല്യം ആയപ്പോൾ ഒരു സ്ഥലവാസി പറഞ്ഞു ഇനി മദ്യപിച്ച് ഈ വഴി നടക്കരുതെന്ന്. അന്നും പിന്നീട് എപ്പോൾ അതിലെ പോകുമ്പോഴും ആദിവാസികൾ അവരുടെ ഭാഷയിൽ പറയും ഓ തമ്പ്രാൻ ബെലെക്കി ഈ ‘വയി നട’ പാടില്ല. വയി നട പിന്നീട് വയനാട് ആയി മാറിയത്.

മദ്യം അളവിൽ കൂടുതലായാൽ കണ്ണ് അടിച്ചു പോകുമെന്ന നമ്മൾ പറയാറുണ്ട്. കൂടുതൽ കഴിക്കാതെടാ നിന്റെ കണ്ണ് ഊരി പോകും എന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ കണ്ണൂർ ആയി മാറിയത്.

കൂട്ടത്തിൽ സ്ഥിരമായി ഓസിന് മദ്യം കഴിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു. ഒരു ദിവസം മറ്റ് കൂട്ടുകാർ പറഞ്ഞു ഡേയ് നീ കാശ് ഇറക്കഡേ. കാശ് ഇറക്കടെ പറഞ്ഞ് പറഞ്ഞ് കാശർകോടും പിന്നെ കാസർഗോഡ് എന്നുമായിയെന്നാണ് കുടിയന്മാരുടെ പുതിയ നിർവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button