ചെന്നൈ : ടൈഫോയ്ഡ് ഭേദമാകാന്‍ മന്ത്രവാദം നടത്തുന്നതിനിടെ യുവതി മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ഉച്ചിപുളിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 19-കാരിയായ താരണിയാണ് കൊല്ലപ്പെട്ടത്. പിതാവ് വീരസെല്‍വമാണ് പെണ്‍കുട്ടിയെ അമ്മയുടെ പ്രേതം ബാധിച്ചെന്ന് ആരോപിച്ച് മന്ത്രവാദത്തിനായി കൊണ്ടുപോയത് ടൈഫോയ്ഡ് ബാധിച്ച പെണ്‍കുട്ടിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.
അമ്മയെ സംസ്‌കരിച്ച സ്ഥലത്ത് മകള്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഏറ്റവും അവസാനമായി പോയി വന്നതിനു ശേഷമാണ് ടൈഫോയ്ഡ് ബാധിച്ചത്. ഇതോടെ മകളുടെ ശരീരത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ ആത്മാവ് പ്രവേശിച്ചെന്നാണ് സെല്‍വം വിശ്വസിച്ചത്. ടൈഫോയ്ഡ് ബാധിച്ച് ആരോഗ്യനില മോശമായെങ്കിലും താരണിയെ ചികിത്സിക്കാന്‍ ഇയാള്‍ തയ്യാറായില്ല. പകരം മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു.
മന്ത്രവാദി ചൂരല്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ അടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. മന്ത്രവാദിയുടെ ക്രൂര പീഡനങ്ങള്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി തളര്‍ന്ന് വീണു. തുടര്‍ന്നാണ് പിതാവ് പെണ്‍കുട്ടിയെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരിയ്ക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ പോലീസ് കേസെടുത്തു.
Post Your Comments