പാകിസ്ഥാനുമായി ചർച്ചയ്ക്ക് വേണ്ടി വാദിച്ച മെഹ്ബൂബ മുഫ്തിയെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ ബിജെപി വക്താവ് ആര്‍.എസ് പത്താനിയ. മെഹ്ബൂബക്ക് പാകിസ്ഥാനോട് അത്ര ഇഷ്ടമാണെങ്കിൽ അയൽരാജ്യത്തേക്ക് വിട്ടേക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ജമ്മു കശ്മീർ ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ കേന്ദ്ര സർക്കാരിനു കൈമാറാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി.
ഇന്ത്യ ഒരു കാരണവശാലും ഇപ്പോൾ പാകിസ്ഥാനുമായി സംസാരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചതായും ആരോപിച്ചു. മാത്രമല്ല, ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവുമെന്നാണ്
മുഫ്തിയുടെ പരാമർശത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ട പോലീസുകാരൻ സുഹൈൽ അഹമ്മദിന്റെ കുടുംബത്തെ അനന്ത്നാഗിൽ സന്ദർശിച്ച് അനുശോചനം അറിയിക്കാൻ ചെന്നപ്പോഴാണ് മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം വിവാദ പരാമർശം നടത്തിയത്.
തീവ്രവാദ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളുടെയും നിരപരാധികളുടെയും മൃതദേഹങ്ങൾ താഴ്‌വരയിലെ ശ്മശാനങ്ങളിൽ നിറഞ്ഞിരിക്കുന്നുവെന്ന് മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു. മുഫ്തിയുടെ അഭിപ്രായങ്ങൾ വിവാദമാകുന്നത് ഇതാദ്യമായല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കുന്നതുവരെ താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയില്ലെന്ന് നേരത്തെ പത്രസമ്മേളനത്തിൽ സംസാരിച്ച പിഡിപി മേധാവിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത് .
മുതിർന്ന നേതാക്കളായ ഡോ. റംസാൻ ഹുസൈൻ, ടി. എസ്. ബജ്‌വ, വേദ് മഹാജൻ, ഹുസൈൻ .എ. വഫ എന്നിവർ ഇതിനെ തുടർന്ന് പാർട്ടി വിട്ടിരുന്നു . കഴിഞ്ഞയാഴ്ച രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പിഡിപിയുടെ മിർ മുഹമ്മദ് ഫയാസ് തന്റെ നിലപാടിൽ നിന്ന് വിട്ടുനിൽക്കുകയും ജമ്മു കശ്മീരിലെ വികസനത്തിന് കേന്ദ്രം നൽകിയ പിന്തുണയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
Post Your Comments