Latest NewsIndia

തെരുവ് നായയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച്‌ നായകനായ ഓട്ടോ ഡ്രൈവര്‍ ശരിക്കും വില്ലന്‍, ഞെട്ടിക്കുന്ന ട്വിസ്റ്റ്

കഥയിലെ വില്ലനാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അഹമ്മദാബാദ്: തെരുവ് നായയുടെ വായില്‍ നിന്നും നവജാത ശിശുവിനെ രക്ഷിച്ച അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ ദിവസം രാജ്യമാകെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരോ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സര്‍ഫുദ്ദീന്‍ ഷെയ്ക്കിന് താരപരിവേഷമാണ് ഏവരും നല്‍കിയത്. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ കഥയിലെ വില്ലനാണ് സര്‍ഫുദ്ദീന്‍ ഷെയ്ക്ക് എന്നാണ് തെളിഞ്ഞിരിക്കുന്നത്. കഥയിലെ വില്ലനാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇയാളുടെ രണ്ടാമത്തെ ഭാര്യയുടെ കുഞ്ഞാണിത് എന്നും അക്കാര്യം ആദ്യഭാര്യ അറിയാതെ ഈ കുഞ്ഞിനെ സ്വന്തം വീട്ടില്‍ വളര്‍ത്താന്‍ തയ്യാറാക്കിയ തിരക്കഥയാണ് ഈ പട്ടിക്കഥയെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഗുജറാത്തിലെ വേജാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷെയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് മറ്റൊരു വിവാഹം കഴിച്ചത്. ഷെയ്ക്കിന് രണ്ടാമത്തെ ഭാര്യയുമായുള്ള ബന്ധം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയ്ക്ക് കുഞ്ഞുണ്ടാവുന്നത്.

ആദ്യം ഒറ്റപ്പെട്ട സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പോകുന്നതിനിടെയാണ് കെട്ടിച്ചമച്ച കഥ പറയാന്‍ ഷെയ്ക്ക് തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ രക്ഷിച്ചു കൊണ്ടുവന്നതാണെന്ന് സര്‍ഫുദ്ദീന്‍ ഷെയ്ക്ക് ആദ്യ ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തെരുവു നായയുടെ വായില്‍ നിന്ന് രക്ഷിച്ചതാണ് എന്ന ഷെയ്ക്കിന്റെ വാക്കില്‍ ഭാര്യയും മൂത്ത സഹോദരനും വിശ്വസിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പൊലീസിനെ ഏല്‍പ്പിച്ചു.

ആരോഗ്യനില പരിശോധിക്കാന്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറുടെ വാക്കുകളില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് കെട്ടിച്ചമച്ച കഥയുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ആരോ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കിട്ടിയെന്നു പറഞ്ഞ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button