അയോധ്യ : രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ധാരാളമായി വെള്ളിക്കട്ടികൾ സംഭാവന ചെയ്തതിനെ തുടർന്ന് ഇവ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ സ്ഥലം തികയാതെ വന്നതോടെയാണ് ഇത്തരമൊരു അഭ്യർഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത്.
400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ഭക്തരിൽ നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആളുകൾ വെള്ളിക്കട്ടികൾ അയയ്ക്കുന്നുണ്ട്. ഇതിനകം ഒരുപാട് വെളളിക്കട്ടികൾ ലഭിച്ചു. അതെല്ലാം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഭക്തർ വീണ്ടും വെള്ളിക്കട്ടികൾ അയയ്ക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. വെള്ളിക്കട്ടികളാൽ ബാങ്ക് ലോക്കറുകൾ നിറഞ്ഞിരിക്കുകയാണ്.’ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറയുന്നു.
വെള്ളിക്കട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരുപാട് പണം ചെലവഴിക്കേണ്ടതായി വന്നേക്കാം. ക്ഷേത്രനിർമാണത്തിനായി കൂടുതൽ വെള്ളി അഥവാ ആവശ്യമായി വരികയാണെങ്കിൽ അക്കാര്യം അപ്പോൾ അറിയിക്കാമെന്നും മിശ്ര കൂട്ടിച്ചേർത്തു.
Post Your Comments