വയനാട് സ്വദേശിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ തനിക്ക് കഴിഞ്ഞ കാല ചാരിറ്റി കണക്കുകൾ ഇപ്പോൾ രോഗികൾ വന്നു ചോദിച്ചാൽ ഓർമ്മയില്ല എന്ന് ഫിറോസ് കുന്നംപറമ്പിൽ. സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും.
എന്നാല്‍, പരീക്ഷണങ്ങള്‍ നമ്മളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ചെയ്യുകയെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പുളിക്കലില്‍ എബിലിറ്റി ഫൗണ്ടേഷന്‍ സന്ദേശഗീതം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ മനുഷ്യരെയും പോലെ സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാത്രം നോക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. പക്ഷേ, യഥാര്‍ഥ ജീവിതം ഇന്നതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചു.
അതിന്‍റെ പേരില്‍ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. നന്മ സ്വീകരിച്ച ആളുകളും, നന്മ ചെയ്യുന്നത് കണ്ട് അസൂയ പൂണ്ട ആളുകളും പരീക്ഷണമായി വന്നു.ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.
നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല.
എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു. ഫിറോസ് പറഞ്ഞു.
Post Your Comments