ഗുവാഹത്തി : ഇന്ത്യയിൽ മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു. അഗർത്തലയിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം പറഞ്ഞത്.
2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു.
ത്രിപുര ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിച്ചതായി പാർട്ടിയുടെ വടക്കുകിഴക്കൻ മേഖലാ സെക്രട്ടറി അജയ് ജാംവാൽ പരാമർശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞതായി ബിപ്ലബ് പറഞ്ഞു.
Post Your Comments