Latest NewsNewsIndia

57 കോടി വര്‍ഷം പഴക്കമുള്ള ജീവിയുടെ ഫോസില്‍ ; കണ്ടെത്തിയത് ഇന്ത്യയിലെ ഈ ഗുഹയില്‍ നിന്ന്

പരന്ന വലിയ ഒരു ചപ്പാത്തി പോലെ രൂപമുള്ള ഇവയ്ക്ക് നാലടി വരെ വ്യാസമുണ്ടാകും

ഭോപ്പാല്‍ : 57 കോടി വര്‍ഷം പഴക്കമുള്ള ജീവിയുടെ ഫോസില്‍ കണ്ടെത്തി. ഭോപ്പാലില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഭീംബെട്ക ഗുഹയില്‍ നിന്നാണ് 57 കോടി വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഫോസില്‍ കണ്ടെത്തിയത്. ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിക്കിന്‍സോണിയ എന്ന ജീവിയുടെ അവശിഷ്ടമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് ഡിക്കിന്‍സോണിയയുടെ ഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തുന്നത്.

ഗോണ്ട്വാന റിസര്‍ച്ച് എന്ന മാസികയിലാണ് ഫോസിലുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞര്‍ ഭീംബെട്കയില്‍ നടക്കാനിരിക്കുന്ന ഒരു കോണ്‍ഫറന്‍സിന്റെ ഭാഗമായി ഇവിടം സന്ദര്‍ശിച്ചപ്പോഴാണ് പാറക്കെട്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന പരന്ന ഇല പോലെയുള്ള ഫോസില്‍ കണ്ടത്. ആദ്യം ഗുഹകളിലെ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് കരുതിയ ഇവര്‍ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഡിക്കിന്‍സോണിയയുടെ ഫോസിലാകാമെന്നു സംശയം തോന്നിയത്. തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങളെടുക്കുകയും ത്രിമാന പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.

പരന്ന വലിയ ഒരു ചപ്പാത്തി പോലെ രൂപമുള്ള ഇവയ്ക്ക് നാലടി വരെ വ്യാസമുണ്ടാകും. എന്നാല്‍ മധ്യപ്രദേശില്‍ കണ്ടെത്തിയതിനു 17 ഇഞ്ചാണ് വലുപ്പം. ഓസ്‌ട്രേലിയ, റഷ്യ, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഡിക്കിന്‍സോണിയയെ നേരത്തെ കണ്ടെത്തിയിട്ടുള്ളത്. കടലിലും കരയിലും ഇവ ജീവിച്ചിരുന്നെന്നാണു പൊതുവെയുള്ള അനുമാനം. ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവയുടെ വകഭേദമാണ് ഇവയെന്നും വാദമുണ്ടെങ്കിലും മൃഗങ്ങളാണെന്നു തന്നെയാണ് പല ശാസ്ത്രജ്ഞരും പറയുന്നത്. 1947-ല്‍ ഓസ്‌ട്രേലിയയിലാണ് ഇവയുടെ ആദ്യ ഫോസില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button