തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സര്‍ക്കാരിന്‍റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. കോവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തിൽ ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം, തലച്ചോറിൽ രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കാണ്. 7,409 പേരാണ് ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളത്. പേശി, അസ്ഥി സംബന്ധമായ അസുഖങ്ങളുമായി 3341 പേർ ചികിത്സ തേടി. ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ഞരമ്പ് സംബന്ധമായ രോഗങ്ങളുമായി 1400 പേരും ചികിൽസ തേടിയിട്ടുണ്ട്.
അതേസമയം കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലും കേരളം ഇപ്പോൾ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസങ്ങളിൽ കേരളത്തിൽ ഇരുപതിനടുത്താണ് പ്രതിദിന മരണ സംഖ്യ.
Post Your Comments