
ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കര്‍ഷക സമരത്തിനൊപ്പം നിന്ന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറഞ്ഞ കനേഡിയൻ പ്രധാനമന്ത്രി കോവിഡ് വാക്സിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തന്നെ വിളിച്ചതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെളിപ്പെടുത്തിയത്. പത്ത് ലക്ഷം കോവിഡ് വാക്സിന് ഇന്ത്യയില്‍ നിന്നും നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
എന്നാൽ ഇക്കാര്യത്തില്‍ പരമാവധി ശ്രമിക്കാമെന്ന് അദ്ദേഹത്തിന് മോദി ഉറപ്പു നല്‍കുകയും ചെയ്തു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പണം നല്കി പത്ത് ലക്ഷം വാക്സിന് ഡോസുകള്‍ സ്വന്തമാക്കാനാണ് കാനഡ ശ്രമിക്കുന്നത്. പണം നല്കിയിട്ടാണെങ്കിലും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ കമ്പനിക്ക് വാക്സിന് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാവുകയുള്ളു. അതിനാലാണ് ജസ്റ്റിന് ട്രൂഡോ മോദിയെ നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്.
അതേസമയം കര്‍ഷക സമരം ആരംഭിച്ചത് മുതല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. കര്‍ഷക സമരത്തില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള സിക്ക് സമുദായത്തില്‍പ്പെട്ട കര്‍ഷകരാണ്, കാനഡയിലുള്ള ഇന്ത്യന്‍ വംശജരിലും നല്ലൊരു പങ്ക് സിക്കുകാരാണ്. ഇന്ത്യയിലെ സിക്കുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ജസ്റ്റിന് ട്രൂഡോയുടെ മന്ത്രിസഭയിലും സിക്ക് സമുദായത്തിലുള്ള നിരവധി മന്ത്രിമാരുണ്ട്. ഇതാണ് കര്‍ഷകര്‍ക്കൊപ്പം നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ എതിര്‍ത്ത് സംസാരിക്കാന്‍ ജസ്റ്റിന് ട്രൂഡോയെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കാനഡ പ്രതികരിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രിയടക്കം വിമര്‍ശിച്ചത്. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കങ്ങള്‍ നിയന്ത്രിക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യത്തോടും കാനേഡിയന്‍ ഭരണകൂടം അനുകൂലമായ നടപടി എടുത്തിരുന്നില്ല.
Post Your Comments