Latest NewsNewsIndia

ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മമത ബാനര്‍ജി പോലും ‘ജയ് ശ്രീറാം’ വിളിക്കും ; അമിത് ഷാ

കൊല്‍ക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയ് ശ്രീറാം വിളിക്കുമെന്നും അമിത് ഷാ പറഞ്ഞു.കൂച്ച്‌ബെഹറില്‍ ബിജെപിയുടെ പരിബര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അക്രമ ഭരണം മാറ്റി വികസനം കൊണ്ടുവരിക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.

ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് കുറ്റകരമാണെന്ന് കരുതുന്ന ഒരു അന്തരീക്ഷമാണ് മമത ബംഗാളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ജയ് ശ്രീറാം മുദ്രാവാക്യം ബംഗാളിലല്ലാതെ, പാകിസ്ഥാനിൽ പോയി വിളിക്കാൻ സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. തിരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയം മമതയും ജയ് ശ്രീറാം മുഴക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മമതയുടേയും അനന്തരവന്റേയും ഭരണം അവസാനിപ്പിച്ച്  ഇത്തവണ 200 സീറ്റുകള്‍ ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ പോകുന്നില്ലെന്ന് മമത പറഞ്ഞ കാലമുണ്ടായിരുന്നുവെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. കൊല്‍ക്കത്തയില്‍ വര്‍ഷങ്ങളായി മത്സരിക്കുന്ന സീറ്റിന് പുറമെ നന്ദിഗ്രാമില്‍ കൂടി മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തേയും അമിത് ഷാ പരിഹസിച്ചു. മമതയുടെ ഉള്ളില്‍ ഭയമുണ്ടെന്നും, അതിനാലാണ് എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ പോലും ആശയക്കുഴപ്പമുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button