രണ്ട് പതിറ്റാണ്ട് മുൻപ് കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത് വനംകൊള്ളക്കാരന്‍ വീരപ്പനാണെന്നും വിടുതലിനായി ആവശ്യപ്പെട്ടത് ആയിരം കോടിയാണെന്നും വെളിപ്പെടുത്തൽ. വിലപേശലിനൊടുവില്‍ പതിനഞ്ചു കോടി രൂപയ്ക്കാണ് രാജ്കുമാറിനെ വിട്ടയച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സുബ്രഹ്മണ്യം എഴുതിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
തമിഴ്‌നാട്ടിലെ തലവടിക്കു സമീപമുള്ള ഫാംഹൗസില്‍നിന്ന് 2000 ജൂലൈ 30നാണ് രാജ്കുമാറിനെ വീരപ്പന്‍ റാഞ്ചിയത്. രാജ്കുമാറിന്റെ മോചനത്തിനായി തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ നക്കീരന്‍ പത്രാധിപര്‍ ഗോപാലിന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. സംഘത്തിലെ ഒരു അംഗമായിരുന്നു സുബ്രഹ്മണ്യം.
Also Read:രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ
നൂറ്റി ആറു ദിവസമാണ് രാജ്കുമാര്‍ വീരപ്പന്റെ കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇതിനിടെ സംഘം വീരപ്പനുമായി പലതവണ ചര്‍ച്ച നടത്തി. ആയിരം കോടി തന്നാൽ വിട്ടയ്ക്കാമെന്നായിരുന്നു ആദ്യം പറഞ്ഞത്. 900 കോടിയുടെ സ്വര്‍ണവും നൂറു കോടി പണമായും നൽകിയാൽ മതിയെന്നായിരുന്നു വീരപ്പൻ പറഞ്ഞത്. എന്നാൽ, ഒടുവിൽ ഒരുപാട് തവണത്തെ ചർച്ചകൾക്ക് ശേഷം പതിനഞ്ചു കോടിക്കാണ് രാജ്കുമാറിനെ വിട്ടയച്ചത്.
കോടികള്‍ നല്‍കിയാണ് രാജ്കുമാറിനെ മോചിപ്പിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജകുമാറിന്റെ കുടുംബം അന്ന് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, സത്യം ജനങ്ങൾ അറിയട്ടെ എന്ന് കരുതിയാണ് ഇപ്പോൾ പറയുന്നതെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തുന്നു. പണം കൈയില്‍ കിട്ടിയ ശേഷമാണ് വീരപ്പന്‍ താരത്തെ മോചിപ്പിച്ചത്.
Post Your Comments