ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി പെണ്‍ കരുത്ത്. ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘം നിലവില്‍ വന്നു. സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയില്‍ വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗമാണ് നിലവില്‍ വന്നത്. മാവോവാദികളെ നേരിടാനുള്ള പ്രത്യേക സംഘമാണ് കോബ്ര. സേനയുടെ ആറ് മഹിളാ ബറ്റാലിയനുകളില്‍ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആര്‍പിഎഫ് അറിയിച്ചു.
ഹരിയാനയിലെ കാദര്‍പുര്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് വനിതാ വിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ.പി. മഹേശ്വരി ചടങ്ങില്‍ പങ്കെടുത്തു. വനമേഖലകളില്‍ സൈനിക നീക്കം നടത്താന്‍ മൂന്ന് മാസത്തെ പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും. കോബ്രയിലെ പുരുഷ കമാന്‍ഡോകള്‍ക്ക് നല്‍കുന്ന അതേ പരിശീലനമാണ് ഇവര്‍ക്കും നല്‍കുന്നത്. പരിശീലനത്തിന് ശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും.
വനത്തിനുള്ളിലെ കമാന്‍ഡോ ഓപ്പറേഷനുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ (കോബ്ര) 2009-ലാണ് സിആര്‍പിഎഫ് രൂപവത്കരിച്ചത്. ഇപ്പോള്‍ 10 ബറ്റാലിയനുകളിലായി 12,000 കമാന്‍ഡോകളാണുള്ളത്. ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളിലാണ് ഇവരില്‍ ഭൂരിഭാഗത്തെയും നിയോഗിച്ചിരിയ്ക്കുന്നത്.
Post Your Comments