രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം അരക്കോടി കവിഞ്ഞിരിക്കുകയാണ്. രാജ്യത്ത് വാക്സിൻ്റെ മൂന്നാംഘട്ട വിതരണം മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. 27 കോടി ആളുകൾക്കാണ് മൂന്നാംഘട്ടത്തിൽ വാക്സിൻ നൽകുക. 50 വയസിനു മുകളിൽ പ്രായമായവർ, ഗുരുതര രോഗമുള്ളവർ എന്നിവർക്കാണ് മുൻഗണന.
മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി 35000 കോടി രൂപയാണ് ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. അവശ്യമെങ്കിൽ ഇത് വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്. ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
21 ദിവസത്തിനിടെ അതിവേഗത്തിലാണ് 50 ലക്ഷം എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയിൽ ഇത് 24 ദിവസം കൊണ്ടാണ് പിന്നിട്ടത്. ബ്രിട്ടനിൽ 43 ഉം ഇസ്രായേലിൽ ഇത് 45 ഉം ദിവസമാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments